ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ഓസ്‌ട്രേലിയൻ പൗരൻ അറസ്റ്റിൽ

എറണാകുളം: ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ഓസ്ട്രേലിയൻ പൗരനെ ആലുവ റൂറൽ പൊലീസ് പിടികൂടി. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ഓസ്ട്രേലിയൻ സ്വദേശി സക്കിയുള്ള ഇസെഡ് പാർക്കർ (58) ആണ് പിടിയിലായത്. തടിയിട്ടപറമ്പ് പൊലീസാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് ഇയാളെ അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്.സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് വിശ്വാസ്യത നേടിയെടുത്തായിരുന്നു ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയത്. യുഎഇയിൽ ജോലി ചെയ്തിരുന്ന, നിലവിൽ പുക്കാട്ടുപടിയിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് പ്രതി പരാതിക്കാരിയെ പരിചയപ്പെട്ടത്. ഓസ്ട്രേലിയയിലെ ഒരു പ്രശസ്ത കമ്പനിയുടെ സിഇഒ ആണെന്നാണ് ഇയാൾ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. തൻ്റെ കമ്പനിയിൽ തന്നെ ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്നും ഇതിനായി വിസ നടപടികൾക്കും മറ്റുമായി പണം ആവശ്യമാണെന്നും പറഞ്ഞ് പലപ്പോഴായി 5.80 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു.
പണം കൈമാറി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതോടെ യുവതി പൊലീസിൽ പരാതി നൽകി. എറണാകുളം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി ഇന്ത്യയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ മാറി മാറി താമസിച്ച പ്രതിയെ ഒടുവിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് കണ്ടെത്തിയത്. ഇയാൾ താമസിച്ചിരുന്ന ആഡംബര ഫ്ലാറ്റ് പുറത്തുനിന്ന് താഴിട്ട് പൂട്ടി ഉള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ കൊച്ചി പൊലീസ് സംഘം തന്ത്രപരമായി അകത്തുകയറി പ്രതിയെ കീഴ്‌പ്പെടുത്തി.
പ്രതിയുടെ താമസസ്ഥലത്തുനിന്ന് ലാപ്ടോപ്പ്, വിവിധ രാജ്യങ്ങളിലെ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. പരിശോധനയിൽ ഇയാൾ 'ശുഭം ശർമ' എന്ന വ്യാജ പേരിൽ നിർമിച്ച ആധാർ കാർഡും കണ്ടെത്തി. ഈ വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പുതിയ തട്ടിപ്പുകൾക്ക് പദ്ധതിയിടുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ കെ എൻ മനോജ്, എസ്ഐ എൻ കെ ജേക്കബ്, സീനിയർ സിപിഒ കെ കെ ഷിബു, സിപിഒ മിഥുൻ മോഹൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.