കാനഡയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിൻ്റെ മൃതദേഹം വിട്ടുകിട്ടാൻ മൂന്നാഴ്‌ച വേണ്ടി വരുമെന്ന് അധികൃതര്‍

കാനഡയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിൻ്റെ   മൃതദേഹം വിട്ടുകിട്ടാൻ മൂന്നാഴ്‌ച  വേണ്ടി വരുമെന്ന് അധികൃതര്‍

ഉജ്ജയിന്‍: ഇന്ത്യന്‍ യുവാവ് കാനഡയില്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്നുള്ള 25കാരനാണ് മാര്‍ച്ച് പതിനാലിന് കൊല്ലപ്പെട്ടത്. ഒരുസംഘം വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോര്‍ട്ട്. കാനഡയിലെ സെന്‍റ് ജോണ്‍ സിറ്റിയില്‍ താമസിക്കുകയായിരുന്ന, ഉജ്ജയിനിയിലെ പര്‍ശ്വന്ത് സ്വദേശി ഗുര്‍കിരാത് സിങ് മനോചയാണ് കൊല്ലപ്പെട്ടത്. ഒന്നരവര്‍ഷം മുമ്പ് മകന്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് കാനഡയിലേക്ക് പോയതെന്ന് പിതാവ് ഗുര്‍ജിത് സിങ് പറഞ്ഞു. എത്രയും വേഗം മകന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നും  സംഭവത്തെക്കുറിച്ച് നിഷ്‌പക്ഷ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു. വെള്ളിയാഴ്‌ചയാണ് മകനുമായി അവസാനമായി ഫോണില്‍ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മകന് ആരുമായും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. അവന്‍ എല്ലാവരോടും വളരെ സൗഹാര്‍ദ്ദത്തോടെ ഇടപെടുന്ന ആളായിരുന്നു. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മകന്‍റെ മരണം കുടുംബത്തെ ആകെ തകര്‍ത്ത് കളഞ്ഞതായി ഗുര്‍ജിത് പറഞ്ഞു. തനിക്ക് രണ്ട് ആണ്‍മക്കളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂത്തമകന്‍ പ്രബാകിരാത് സിങ് റായ്‌പൂരിലാണ് താമസിക്കുന്നത്.ഗുര്‍കിരാത് ഉജ്ജയിനിയിലെ കാര്‍മല്‍ കോണ്‍വെന്‍റ് വിദ്യാലയത്തിലെ പഠനത്തിന് ശേഷം വിക്രം സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ബിരുദാനന്തരബിരുദ പഠനത്തിനായാണ് കാനഡയിലേക്ക് പോയത്. കാനഡയിലെ നോര്‍ത്തേണ്‍ ലൈറ്റ് കോളജിലായിരുന്നു പഠനം. ഇനി അഞ്ചാറ് മാസം കൂടിയേ പഠനം തീരാനുണ്ടായിരുന്നുള്ളൂ.പഠനം കഴിഞ്ഞും കാനഡയില്‍ തന്നെ തുടരാനായിരുന്നു മകന്‍റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇവിടെ ആയിരുന്നപ്പോള്‍ മകന്‍ തനിക്കൊപ്പം താന്‍ നടത്തിയിരുന്ന ഭക്ഷ്യ വ്യവസായത്തില്‍ സഹായിക്കാനും കൂടുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മകന് ഇതില്‍ വലിയ താത്‌പര്യം ഉണ്ടായിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യണമെന്ന നിബന്ധനയുള്ളതിനാല്‍ മകന്‍ വാള്‍മാര്‍ട്ടില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു. നാല് ദിവസം പഠിക്കാനും മൂന്ന് ദിവസം ജോലിക്കും പോയിരുന്നു. 

സംഭവം കൊലപാതകമായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും അന്വേഷണത്തിനും ശേഷമേ കാനഡയിലെ പൊലീസ് മൃതദേഹം കൈമാറൂ എന്ന് അയല്‍വാസിയായ അഭിലാഷ് ജെയിന്‍ പറഞ്ഞു. അത് കൊണ്ട് തന്നെ മൃതദേഹം ഇന്ത്യയിലെത്താന്‍ മൂന്നാഴ്‌ചയെങ്കിലും വേണ്ടി വരും. കോളജില്‍ തെരഞ്ഞെടുപ്പായിരുന്നു. അതിന്‍റെ വിഭാഗീയതകളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം അനുമാനിക്കുന്നു.സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് മൃതദേഹം ഉടനടി നാട്ടിലെത്തിക്കുകോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് അങ്ങോട്ട് പോകാനുള്ള വിസ അനുവദിക്കുകയോ വേണമെന്ന് സഹോദരന്‍ പ്രബകിരാത് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളിലും തങ്ങളെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആശുപത്രിയില്‍ നിന്നും പൊലീസില്‍ നിന്നും മൃതദേഹം തിരിച്ചറിയാനായി വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പന്ത്രണ്ട് പേരടങ്ങുന്ന ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ഗുര്‍കിരാതിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഒരു കാറില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.