കണ്ണൂർ ടൗൺ സ്ക്വയറിൽ ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറി

കണ്ണൂർ ടൗൺ സ്ക്വയറിൽ  ഓഡിറ്റോറിയം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറി

 കണ്ണൂർ: ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന്കലക്ടറേറ്റ് മൈതാനത്തിന് മുൻവശത്തുള്ള ടൗൺ സ്ക്വയറിലെ പാർക്കിംഗ് സ്ഥലം കയ്യേറി ഓഡിറ്റോറിയം നിർമ്മിക്കാനുള്ള പദ്ധതിയിൽ നിന്നും  അധികൃതർ പിന്മാറി. നിർമ്മാണത്തിനായി ഇവിടെ എത്തിച്ചിരുന്ന ഇരുമ്പ് കമ്പികൾ ലോറിയിൽ കയറ്റി തിരികെ കൊണ്ടുപോയി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാനിരുന്ന പദ്ധതിയാണ് ഇതോടെ നിലച്ചത്.

നഗരത്തിന്റെ മുഖസൗന്ദര്യം നഷ്ടപ്പെടുമെന്നും പൊതുജനങ്ങൾക്ക് ശുദ്ധവായു ലഭിക്കേണ്ട മൈതാനങ്ങൾ ഇല്ലാതാക്കരുതെന്നും കാണിച്ച് കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. നേരത്തെ പാർക്കിംഗിനായി മാറ്റിവെച്ച സ്ഥലം അതേപടി നിലനിർത്തണമെന്ന ആവശ്യത്തിന് വലിയ ജനപിന്തുണ ലഭിച്ചതോടെയാണ് അധികൃതർ പിന്മാറിയത്.