ആയത്തുള്ള അലി ഖമേനിയുടെ അന്ത്യയാത്ര: ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക ഒരുക്കങ്ങളുമായി ഇറാൻ

ടെഹ്റാൻ: ഫെബ്രുവരി 28-ലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അന്ത്യയാത്രയ്ക്ക് രാജ്യം സജ്ജമാകുന്നു. അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സംസ്കാര ചടങ്ങുകളാണ് ഇറാൻ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക ഒത്തുചേരലിനാണ് ഇറാൻ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
ശനിയാഴ്ച ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച ടെഹ്റാൻ നഗരവീഥികളിലൂടെ വിലാപയാത്ര നടക്കും. ജൂലൈ ഏഴിന് പുണ്യനഗരമായ കോമിലെ ചടങ്ങുകൾക്ക് ശേഷം, ഇറാഖിലെ നജാഫ്, കർബല നഗരങ്ങളിലേക്ക് വിലാപയാത്ര നീളും. ഏകദേശം 1.5 മുതൽ 2 കോടി വരെ ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇതേതുടർന്ന് ഇറാനിലുടനീളം പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു. റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 90 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ മതനേതാക്കളും അന്ത്യകർമ്മങ്ങളിൽ ഭാഗമാകും. നയതന്ത്ര തലത്തിൽ വലിയ പ്രാധാന്യമുള്ള ഈ ചടങ്ങിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരിട്ടെത്തും. മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയത്തിൽ ഈ അന്ത്യയാത്ര വലിയ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈൻ എന്നിവർ ടെഹ്റാനിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഭരണഘടനാ പദവി വഹിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഷിയാ കമ്മ്യൂണിറ്റി അംഗം എന്ന നിലയിലാണ് സയ്യിദ് അതാ ഹസ്നൈനെ ഔദ്യോഗിക സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവരെ ഇറാൻ ഭരണകൂടം നേരിട്ട് ചടങ്ങിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട് .1989 മുതൽ 2026 വരെ ദീർഘകാലം ഇറാനെ നയിച്ച ഖമേനിയുടെ മൃതദേഹം ജൂലൈ 9-ന് മഷ്ഹദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിലാണ് അടക്കം ചെയ്യുക.2026 ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. യുദ്ധസാഹചര്യങ്ങൾ കാരണം പലതവണ മാറ്റിവെച്ച ചടങ്ങുകളാണ് അടുത്ത ആഴ്ച ഇറാനിൽ നടക്കുന്നത്.