ഗുരുവായൂരില്‍ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ബി.ഗോപാലകൃഷ്ണൻ

ഗുരുവായൂരില്‍  50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി ബി.ഗോപാലകൃഷ്ണൻ

തൃശൂര്‍: "ഞാന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗ്ഗീയതയാണ് ഉള്ളത്?" എന്ന ചോദ്യവുമായി  എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്‌ണൻ . ഹിന്ദു എംഎല്‍എ' പരാമര്‍ശത്തില്‍,  പെരുമാറ്റ ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയെന്ന സിപിഎം പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് ഗോപാലകൃഷ്ണൻ്റെ  ഫെയ്‌സ്ബുക്ക് പോസ്റ്റ്.

' മതമാണ് മതമാണ് മതമാണ് ഞങ്ങള്‍ക്ക് വലുത്.. ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടി എന്ന് പറഞ്ഞ മതത്തിന്റെ പേരില്‍ ഉള്ള പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് കെ.എം. ഷാജിക്കെതിരെ ഒരക്ഷരം എന്തെ ഇടത് വലത് മതേതരവാദികള്‍ പറയാഞ്ഞത്... ഞാന്‍ പറഞ്ഞതില്‍ എന്ത് വര്‍ഗ്ഗീയതയാണ് ഉള്ളത്.. 1967 മുതല്‍ ഗുരുവായൂരില്‍ നിന്നുള്ള എം എല്‍ എ മാരുടെ ലിസ്റ്റ് ഞാന്‍ തരാം'- എന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗുരുവായൂരില്‍ നിന്ന് 1967 മുതല്‍ ജയിച്ച എംഎല്‍എമാരുടെ ലിസ്റ്റും അദ്ദേഹം പങ്കുവെച്ചു.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ലെന്നും ഇടത്-വലത് മുന്നണികള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കി. ഈ പരാമർശത്തിനെതിരെ സിപിഎമ്മും, കെഎസ്‌യുവും രംഗത്തുവന്നു . 

സിപിഎം പരാതിയില്‍ കലക്ടര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് ഗോപാലകൃഷ്ണനെതിരെ നടപടി സ്വീകരിച്ചിരുന്നു. 

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ മുന്നറിയിപ്പ് നല്‍കി. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ പാര്‍ട്ടികളും പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

https://www.worldm.news/keralam/case-registered-against-nda--22823