ബംഗ്ലാദേശ് ആഭ്യന്തര കലഹം: ഇന്ത്യയിലെ ചണതൊഴിലാളികള്‍ പ്രതിസന്ധിയിൽ

ജഗദ്ദാൽ: ബംഗ്ലാദേശ് ആഭ്യന്തര കലഹം കാരണം പ്രതിസന്ധിയിലായി ഇന്ത്യയിലെ തൊഴിലാളികള്‍. ജഗദ്ദാലിലെ ചണ മിൽ അടച്ചുപൂട്ടിയതോടെയാണ് അയ്യായരത്തോളം ബംഗാളി തൊഴിലാളികൾ പ്രതിസന്ധിയിലായത്. പശ്ചിമ ബംഗാളിലെ ബാരക്‌പൂർ ഘോഷ്‌പാര റോഡിൽ സ്ഥിതി ചെയ്യുന്ന ജെജെഐ ജൂട്ട് മില്ലാണ് താത്കാലികമായി അടച്ചു പൂട്ടിയത്.
ബംഗ്ലാദേശിൽ നിന്നുമുള്ള ചണ വിതരണം തടസപ്പെട്ടതോടെയാണ് മില്ല് അടച്ചു പൂട്ടേണ്ടി വന്നത്. ഇതേ തുടർന്ന് അസംസ്‌കൃത ചണത്തിൻ്റെ വിലയിൽ അസാധാരണമാം വിധം വർധവുണ്ടായതാണ് പ്രധാന കാരണമായി മില്ലുടമകൾ ചൂണ്ടിക്കാട്ടുന്നത്.മില്ല് അടച്ചിട്ടിരിക്കുന്നിടത്തോളം കാലം താത്കാലിക തൊഴിലാളികൾക്ക് വേതനം നൽകില്ലെന്ന് ഫാക്‌ടറി പുറപ്പെടുവിപ്പിച്ച നോട്ടീസിൽ പറയുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ മില്ല് അടച്ചിടുകയാണെന്നുള്ള തീരുമാനത്തിൽ കടുത്ത പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് തൊഴിലാളികൾ. ജോലിയും വേതനവുമില്ലാത്ത ദിവസങ്ങളിൽ തങ്ങൾ എങ്ങനെ ജീവിക്കുമെന്ന ചോദ്യമാണ് തൊഴിലാളികൾ ഉന്നയിച്ചിരിക്കുന്നത്.
ജൂട്ട് മില്ലിൽ രണ്ട് ഷിഫ്റ്റുകളിലായാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലും ജോലി തുടർന്നിരുന്നു. എന്നാൽ തിങ്കളാഴ്‌ച രാവിലെയാണ് പുറത്തെ ഗേറ്റിൽ അറിയിപ്പ് കണ്ടതെന്ന് തൊഴിലാളികൾ പറയുന്നു. "ചണത്തിൻ്റെ ക്ഷാമമുണ്ടെങ്കിൽ ഫാക്‌ടറി അധികാരികൾക്ക് അതിനെക്കുറിച്ച് തൊഴിലാളികളെ അറിയിക്കാമായിരുന്നു. പക്ഷേ, ആഴ്‌ചയിലെ ആദ്യ പ്രവൃത്തി ദിവസം തന്നെ അപ്രതീക്ഷിതമായി നോട്ടീസ് പുറപ്പെടുവിപ്പിച്ചത് എന്തുകൊണ്ടാണ്? ഇതിന് പിന്നിൽ ഉടമയുടെയും മാനേജ്‌മെൻ്റിൻ്റെയും ഗൂഢാലോചനയുണ്ട്," ഫാക്‌ടറിയിലെ തൊഴിലാളി സംഘടനാ ജോയിൻ്റ് സെക്രട്ടറി ബിനയ്‌കുമാർ മണ്ഡൽ പറഞ്ഞു.
എന്നാൽ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തർക്കമാണ് ചണ ക്ഷാമത്തിന് കാരണമെന്ന് ഒരു വിഭാഗം പ്രതികരിച്ചു. ഇന്ത്യയും ബംഗ്ലാദേശും ചണ വ്യാപാരത്തിൽ പരസ്‌പരം ആശ്രയിതരായിരുന്നു. ബംഗ്ലാദേശിലെ ആഭ്യന്തര കലഹങ്ങൾക്കിടയിൽ ചണ കയറ്റുമതിയിൽ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വിവിധ വൃത്തങ്ങൾ പറയുന്നു.ഇതുമൂലം ഇന്ത്യൻ ചണ വ്യവസായത്തിൽ ആഴത്തിലുള്ള പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്. അയൽരാജ്യമായ ബംഗ്ലാദേശിലേക്കുള്ള ചണ വിത്ത് കയറ്റുമതി ഉടൻ നിരോധിക്കണമെന്ന് ചണ മില്ലുടമകൾ കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു.
ചണം കയറ്റുമതി ചെയ്യാനുള്ള തീരുമാനം രാജ്യത്തുടനീളം ചണ വസ്‌തുക്കളുടെ ക്ഷാമത്തിന് കാരണമായതായി ഇന്ത്യൻ ചണ മിൽസ് അസോസിയേഷൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി ഗിരിരാജ് സിങ്ങിന് അയച്ച കത്തിൽ പറഞ്ഞു. തത്ഫലമായി, ആഭ്യന്തര വിപണിയിൽ ചണ വില കുത്തനെ അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഫാക്‌ടറി അധികാരികൾ ജോലി തിരികെ നൽകണമെന്നതാണ് തൊഴിലാളികളുടെ ഏക ആവശ്യം. അല്ലാത്തപക്ഷം വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും തൊഴിലാളികൾ അറിയിച്ചു. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാനായി ഫാക്‌ടറി പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.