ബംഗ്ലാദേശിലെ ആള്‍ക്കൂട്ട കൊലപാതകം; 10 പേർ അറസ്റ്റിൽ

ധാക്ക: ബംഗ്ലാദേശിലെ യുവാവിൻ്റെ ആള്‍ക്കൂട്ട കൊലപാതകത്തിൽ 10 പേർ അറസ്റ്റിൽ. മൈമെൻസിങ് സ്വദേശിയായ 27കാരൻ ദിപു ചന്ദ്ര ദാസിൻ്റെ ക്രൂര കൊലപതാകത്തിലാണ് പത്ത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ ഫോഴ്‌സ് ആദ്യ ഘട്ടത്തിൽ ഏഴ്‌ പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്‌തത്. ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.

"മൈമെൻസിങ് സ്വദേശിയായ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന കേസിൽ 10 പേരെ അറസ്റ്റ് ചെയ്‌തു. ബലൂക്കയിൽ സനാതനിലാണ് ക്രൂര സംഭവം നടന്നത്. കേസിൽ നിയമ നിർവഹണ ഏജൻസികൾ പത്ത് പേരെ അറസ്റ്റ് ചെയ്‌തു'' - മുഹമ്മദ് യൂനുസ് എക്‌സിൽ കുറിച്ചു. ലിമോൺ (19), താരിഖ് ഹുസൈൻ (19), മണിക് മിയ (20), ഇർഷാദ് അലി (39), നിജൂം ഉദ്ദീൻ (20), അലോംഗിർ ഹൊസൈൻ (38), മിറാജ് ഹുസൈൻ അക്കോൺ (46) അസ്മോൾ ഹസൻ സാഗിർ(26), ഷാഹിൻ മിയ (19), നസ്‌മുൾ എന്നിവരാണ് അറസ്റ്റിലായത്.

ദൈവനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ മർദിച്ച് അവശനാക്കി കെട്ടിത്തൂക്കി കത്തിച്ച് കൊല്ലുകയായിരുന്നു. സംഭവം വ്യാപകമായ പ്രതിഷേധത്തിനും അപലപത്തിനും കാരണമായി. ഇതിന് പിന്നാലെയാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ ശക്തമായി അപലപിച്ചു. സാമുദായിക ഐക്യത്തെ തകർക്കുന്ന പ്രവർത്തനങ്ങളാണ് സംഭവിച്ചതെന്നും ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ പ്രതികരിച്ചു.

ജെൻ സി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിനിടെയാണ് സംഭവം. യുവജന സംഘടനകളേയും വിദ്യാർഥികളെയും അണിനിരത്തിക്കൊണ്ട് ശക്തമായ ദേശിയവാദ, ഇന്ത്യാ വിരുദ്ധ നിലപാടുകൾ പ്രകടിപ്പിച്ച നേതാവാണ് ഹാദി. 2024 ജൂലൈയില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെതിരെ പ്രതിഷേധമുയർത്തിയ 'ഇങ്ക്വിലാബ് മഞ്ച' യുടെ പ്രധാന നേതാവ് കൂടിയാണ് അന്തരിച്ച ഹാദി.

അതേസമയം കഴിഞ്ഞ ദിവസം വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്‌ത ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ്, ഹാദിയുടെ ക്രൂരമായ കൊലപാതകത്തിൽ ഉൾപ്പെട്ടവരെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊലയാളികളോട് "ഒരു ദാക്ഷിണ്യവും കാണിക്കില്ല" എന്നാണ് യൂനസിൻ്റെ പ്രഖ്യാപനം.