ഇന്ത്യക്കാർക്കുള്ള കോൺസുലർ, വിസ സേവനങ്ങൾ നിർത്തിവച്ച് ബംഗ്ലാദേശ്

ന്യൂഡൽഹി: കോണ്‍സുലർ, വിസ സേവനങ്ങൾ താത്‌ക്കാലികമായി നിർത്തിവച്ച് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ. സമാനമായി ത്രിപുരയിലും ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ വിസ സേവനങ്ങൾ നിർത്തിവച്ചു. ഹൈകമ്മീഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നാണ് വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത് എന്ന് അധികൃതർ പറഞ്ഞു.
'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ കോൺസുലർ,വിസ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്‌ക്കുന്നു. ആളുകൾക്ക് ഉണ്ടായ അസൗകര്യത്തിന് ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു'. ബംഗ്ലാദേശ് ഹൈക്കമ്മീഷൻ പുറത്തിറക്കിയ നോട്ടിസിൽ പറയുന്നു. സുരക്ഷാ പ്രശ്‌നം മുൻ നിർത്തി ചിറ്റഗോങ്ങിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെൻ്ററിലെ (IVAC) വിസ പ്രവർത്തനങ്ങൾ നിർത്തിവച്ചതിന് ശേഷമാണ് ബംഗ്ലാദേശിൻ്റെ ഈ നീക്കം.
എഎച്ച്‌സിഐ ചിറ്റഗോങ്ങിൽ അടുത്തിടെയുണ്ടായ സുരക്ഷാ പ്രശ്‌നനത്തെ തുടർന്ന് ഐവിഎസി ചിറ്റഗോങ്ങിലെ ഇന്ത്യൻ വിസ പ്രവർത്തനങ്ങൾ ഈ മാസം 21ാം തിയതി മുതൽ നിർത്തിവച്ചിരുന്നു. ഇന്നലെ മിഷന് പുറത്ത് പ്രതിഷേധം നടന്നതിനെത്തുടർന്ന് ത്രിപുരയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷനും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ വിസ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ ഒരു സ്വകാര്യ ഓപ്പറേറ്ററുടെ സേവനങ്ങളും നിർത്തിവച്ചു. വിദ്യാര്‍ഥി നേതാവും ഇന്‍ക്വിലാബ് മോര്‍ച്ചയുടെ വക്താവുമായ ഷരീഫ് ഒസ്‌മാൻ ഹാദിയുടെ മരണത്തെ തുടർന്ന് ഇന്ത്യ- ബംഗ്ലാദേശ് ബന്ധം വഷളായിരുന്നു.
കഴിഞ്ഞ ആഴ്‌ച ഒസ്‌മാൻഹാദിയുടെ മരണത്തെ തുടർന്ന് ഇന്ത്യക്കതിരെ പ്രതിഷേധ പ്രകനങ്ങൾ നടന്നു. ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ദിപു ചന്ദ്ര ദാസ് എന്നയാൾ കൊല്ലപ്പെട്ടതിനെ തുടർന്ന് രോഷാകുലരായ ഒരു കൂട്ടം പ്രതിഷേധക്കാർ ചിറ്റഗോങ്ങിലെ ഇന്ത്യയുടെ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനിലേക്ക് അതിക്രമിച്ചു കയാൻ ശ്രമിച്ചു. തുടർന്ന് ഇന്ത്യ മിഷനിലെ വിസ സേവനങ്ങൾ നിർത്തിവയ്‌ക്കുയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ധാക്കയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ സംബന്ധിച്ച സുരക്ഷാ ആശങ്ക ഇന്ത്യ ബംഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമീദുള്ളയെ അറിയിച്ചു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് ചുറ്റും പ്രതിഷേധം നടത്താൻ തീവ്രവാദ സംഘടനകൾ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. സംഭവങ്ങളെക്കുറിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ സമഗ്രമായ അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല എന്നതും ദൗർഭാഗ്യകരമായ കാര്യമാണ്.