ഓൺലൈൻ ചൂതാട്ടത്തിനായി ബാങ്ക് ലോക്കറിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച, ബാങ്കിലെ അസിസ്റ്റൻ്റ് ബ്രാഞ്ച് മാനേജർ അറസ്‌റ്റിൽ

ബെംഗളുരു: ഓൺലൈൻ ചൂതാട്ടത്തിനായി ബാങ്ക് ലോക്കറിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച കേസിൽ ബാങ്കിലെ അസിസ്റ്റൻ്റ് ബ്രാഞ്ച് മാനേജരെ അറസ്റ്റ് ചെയ്‌ത് കർണാടക പൊലീസ്. ആന്ധ്രാപ്രദേശ് വിദ്യാരണ്യപുര സ്വദേശിയായ കിരൺ കുമാറാണ് പൊലീസ് പിടിയിലായത്.ബെംഗളൂരുവിലെ ഇന്ത്യൻ ബാങ്കിൻ്റെ ഗിരിനഗർ ശാഖയിലെ ഉദ്യോഗസ്ഥനാണ് പ്രതി. 2016 മുതൽ ഇന്ത്യൻ ബാങ്കിൻ്റെ വിവിധ ശാഖകളിൽ ജോലി ചെയ്‌തിരുന്നുവെന്നും കഴിഞ്ഞ വർഷം ജൂൺ മുതലാണ് ഗിരിനഗറർ ശാഖയിൽ ഇയാൾ ജോലിക്ക് പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കി.ഓൺലൈൻ ചൂതാട്ടത്തിനായി വായ്‌പയെടുത്ത 60 ലക്ഷം രൂപ തിരികെ അടയ്ക്കാനാവാതെ വന്നപ്പോഴാണ് ബാങ്ക് ലോക്കറിൽ നിന്നും പ്രതി സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നാല് കോടി രൂപയോളം വിലമതിക്കുന്ന 2.753 കിലോഗ്രാം സ്വർണാഭരണങ്ങളാണ് പ്രതിയായ കിരൺ കുമാർ ബാങ്ക് ലോക്കറിൽ നിന്നും മോഷ്‌ടിച്ചത്.