"പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ വികസന ബ്ലുപ്രിന്റ് എവിടെ .....?, സ്വീകരണത്തിൽ മേയറെ വിലക്കിയത് പ്രതിഷേധാർഹം" :വി.ശിവൻകുട്ടി

"പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ വികസന ബ്ലുപ്രിന്റ് എവിടെ .....?, സ്വീകരണത്തിൽ മേയറെ വിലക്കിയത് പ്രതിഷേധാർഹം" :വി.ശിവൻകുട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയറെ ബിജെപി ഒഴിവാക്കിയതിനെ വിമർശിച്ച് വി ശിവൻകുട്ടി. കോർപ്പറേഷനിൽ അധികാരത്തിൽ വന്നാൽ മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ ഔദ്യോഗിക വസ്ത്രത്തിൽ സ്വീകരിക്കുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവകാശപ്പെട്ടിരുന്നതായി ശിവൻകുട്ടി ഓർമ്മിപ്പിച്ചു. സംഭവം അങ്ങേയറ്റം പ്രതിഷേധാർഹവും നഗരത്തിലെ ജനങ്ങളെ അപമാനിക്കുന്നതുമാണെന്നും മന്ത്രി ശിവൻകുട്ടി വിമർശിച്ചു.

''പ്രധാനമന്ത്രി എത്തിയപ്പോൾ നഗരത്തിലെ പ്രഥമ പൗരനെ സ്വീകരണത്തിൽ നിന്ന് ഒഴിവാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള സ്വീകരണത്തിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയറെ ഒഴിവാക്കാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കോർപ്പറേഷനിൽ അധികാരത്തിൽ വന്നാൽ മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മാന്യതയെയും അപമാനിക്കുന്നതിന് തുല്യമാണ്. നൽകുന്ന വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ല. മേയറെ ഒഴിവാക്കിയതിന് പിന്നിൽ ബിജെപി ഗ്രൂപ്പിസമാണോ, അതോ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ 'പദവി'യില്ലാത്ത ഒരാളായി മേയറെ കണക്കാക്കുന്നുണ്ടോ?45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നേരിട്ട് തിരുവനന്തപുരം സന്ദർശിച്ച് വികസന ബ്ലൂ പ്രിൻ്റ് പ്രഖ്യാപിക്കുമെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. ഇപ്പോൾ ആ ബ്ലൂ പ്രിൻ്റ് എവിടെയാണ്? തിരഞ്ഞെടുപ്പ് സമയത്തെ വാഗ്‌ദാനങ്ങൾ പാലിക്കാൻ ബാധ്യതയില്ലെന്ന ബിജെപിയുടെ ആവർത്തിച്ചുള്ള നിലപാടാണ് ഇത് പ്രതിഫലിപ്പിക്കുന്നത്," - വി ശിവൻകുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

കൂടാതെ പ്രധാനമന്ത്രിയുടെ പിഎം ശ്രീ പരാമർശത്തിനും ശിവൻകുട്ടി മറുപടി നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പറയട്ടെ, നമ്മുടെ സ്‌കൂളുകൾക്കുള്ള സമഗ്ര ശിക്ഷാ ഫണ്ടിൽ 1,148.13 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത് കേവലം ഒരു കണക്കല്ല, നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുടെ ആനുകൂല്യം വിദ്യാര്‍ഥികള്‍ക്ക് കേരളം നിഷേധിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി തലസ്ഥാനത്ത് പ്രസംശത്തിൽ വിമർശിച്ചത്.

ശിവൻകുട്ടി എഫ്ബിയിലെഴുതിയത് 

"ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയറെ സ്വീകരണ ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നഗരത്തിൻ്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്.

ഇക്കാര്യത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നു. "തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു" തെരഞ്ഞെടുപ്പ് കാലത്ത് അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി എത്തിയപ്പോൾ മേയർക്ക് ആ പട്ടികയിൽ ഇടമില്ല. ബിജെപിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നിൽ? അതോ ശ്രീ. വി.വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം 'സ്റ്റാറ്റസ്' ഇല്ലാത്ത ആളാണോ? ഇക്കാര്യത്തിൽ വരുന്ന വിശദീകരണങ്ങളൊന്നും മുഖവിലയ്ക്കെടുക്കാൻ കഴിയില്ല.തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ 'വികസന ബ്ലൂ പ്രിൻ്റ്' എവിടെ? 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി ബ്ലൂ പ്രിൻ്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിക്കാൻ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ഇവിടെയും ആവർത്തിക്കുകയാണ്.സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രം നടത്തുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പറയട്ടെ, നമ്മുടെ സ്‌കൂളുകൾക്കുള്ള സമഗ്ര ശിക്ഷാ ഫണ്ടിൽ 1,148.13 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത് കേവലം ഒരു കണക്കല്ല, നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്.വയനാട് ദുരന്തമുണ്ടായപ്പോൾ പോലും അർഹമായ സഹായം നിഷേധിച്ചവരാണ് ഇവർ. കേന്ദ്ര ആവിഷ്‌കൃത പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കുന്നില്ല എന്ന ആരോപണം പച്ചക്കള്ളമാണ്. ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കൾ യുപിയും ബിഹാറുമൊക്കെ മാതൃകയാക്കിയാണ് കേരളത്തെ വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളുടെ ശൃംഖല കേരളത്തിലാണുള്ളത്. പിഎം ശ്രീ സ്‌കൂളിനേക്കാൾ എത്രയോ മികച്ചതാണ് കേരളത്തിലെ മിക്ക സർക്കാർ സ്‌കൂളുകളും.കേരളത്തിന് അർഹമായ ഫണ്ടുകൾ അനുവദിക്കാതെ, വികസനത്തിന് തുരങ്കം വെക്കുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. റെയിൽവേ വികസനത്തിലെ അവഗണന അവസാനിപ്പിക്കാനും, തടഞ്ഞുവെച്ചിരിക്കുന്ന വിദ്യാഭ്യാസ ഫണ്ട് അടിയന്തരമായി അനുവദിക്കാനും കേന്ദ്രം തയാറാകണം. അവകാശങ്ങൾക്കായി നമ്മൾ ശബ്‌ദമുയർത്തിക്കൊണ്ടേയിരിക്കും."