ബെംഗളൂരു കെ.ആർ പുരം കൊലപാതകം: കൊലയ്ക്കുപിന്നിൽ കടബാധ്യതയെച്ചൊല്ലിയുള്ള തർക്കങ്ങളും

ബെംഗളൂരു കെ.ആർ പുരം കൊലപാതകം:  കൊലയ്ക്കുപിന്നിൽ കടബാധ്യതയെച്ചൊല്ലിയുള്ള തർക്കങ്ങളും

ബെംഗളൂരു: കർണാടക കെ.ആർ പുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്  പിന്നിൽ കൊല്ലപ്പെട്ടവരുടെ മകൾ ശ്വേതയുടെ ഏകദേശം₹30 ലക്ഷം കടബാധ്യതയെച്ചൊല്ലിയുള്ള തർക്കങ്ങളും കാമുകൻ കെന്നത്തുമായുള്ള ലിവ്-ഇൻ ബന്ധത്തെ കുടുംബം ശക്തമായി എതിർത്തതുമാമാണെന്ന് പോലീസ് .  വിവിധ ബാങ്കുകളിൽ നിന്നുള്ള ഭീമമായ വായ്പാ കുടിശ്ശികയെയും പ്രതിമാസ തിരിച്ചടവ്  മുടങ്ങിയതിനെത്തുടർന്ന് ലഭിച്ച നോട്ടീസുകളെയും ചൊല്ലിയുള്ള തർക്കമാണ് സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മൂത്ത മകൾ ശ്വേത, ഇവരുടെ പങ്കാളി കെന്നത്ത് എന്നിവർക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് തിരച്ചിൽ ഊർജിതമാക്കി. പ്രതികളായ ശ്വേതയും കെന്നത്തും ബെംഗളൂരുവിലെ പ്രമുഖ ഐടി കമ്പനികളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി നോക്കുന്നവരാണ്.

വിവിധ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ശ്വേതയും കെന്നത്തും ചേർന്ന് ലക്ഷക്കണക്കിന് രൂപ വായ്പയായി എടുത്തിരുന്നതായും എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി ഇവയുടെ തിരിച്ചടവ് പൂർണ്ണമായി മുടങ്ങിയിരുന്നതായും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ശ്വേതയുടെ പേരിൽ ബാങ്കുകളിൽ നിന്നുള്ള ജപ്തി ഉൾപ്പെടെയുള്ള കടുത്ത നിയമപരമായ നോട്ടീസുകൾ രാമമൂർത്തി നഗറിലുള്ള ഇവരുടെ മാതാപിതാക്കളുടെ വീട്ടിലെത്തി. ഇതേക്കുറിച്ച് നേരിട്ട് സംസാരിക്കാനും മകളുടെ സാമ്പത്തിക ബാധ്യതകൾ ചർച്ച ചെയ്യാനുമാണ് സോമസുന്ദറും കുടുംബവും  സീഗെഹള്ളിയിലുള്ള ശ്വേതയുടെയും കെന്നത്തിന്റെയും ആഡംബര വസതിയിലെത്തിയത്.ഈ താമസസ്ഥലത്തു വെച്ച് വായ്പയെ ചൊല്ലി ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കേറ്റവും തർക്കവുമുണ്ടാകുകയും തുടർന്ന് പ്രതികൾ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ മൂവരെയും മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ക്രൂരമായ ആക്രമണത്തിന് പിന്നാലെ മുത്തുലക്ഷ്മിയും സുപ്രിയയും വീടിനുള്ളിൽ തന്നെ കമിഴ്ന്നുവീണ് മരണപ്പെട്ടു. ശരീരത്തിൽ മാരകമായി പരിക്കേറ്റ സോമസുന്ദർ രക്ഷപ്പെടാനായി പുറത്തേക്ക് ഓടിയെങ്കിലും ഗോവണിപ്പടിയിൽ രക്തം വാർന്നു വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽക്കാരാണ് ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചത്. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ആശുപത്രിയിലേക്ക് മാറ്റും വഴി, മകളുടെ വായ്പാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് തങ്ങൾ എത്തിയതെന്നും മകളും പങ്കാളിയുമാണ് ആക്രമിച്ചതെന്നും സോമസുന്ദർ പോലീസിന് നൽകിയ മരണമൊഴിയിൽ  കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

https://www.worldm.news/national/bengaluru-massacre-daughter--31438