ബെംഗളൂരു- മുംബൈ തുരന്തോ എക്‌സ്പ്രസ് വരുന്നു, 18 മണിക്കൂര്‍ യാത്ര

മുംബൈ : ഐടി നഗരമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ 'തുരന്തോ എക്‌സ്പ്രസ്' വരുന്നു. 18 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.1,209 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ട് വലിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ സര്‍വീസ് ഐടി ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ സഹായമാകും. വിമാനയാത്രയ്ക്ക് ബദലായി കുറഞ്ഞ ചിലവില്‍ വേഗത്തില്‍ മുംബൈയില്‍ എത്താന്‍ പുതിയ ട്രെയിന്‍ സര്‍വീസ് സഹായിക്കും.നിലവില്‍ 23 മണിക്കൂറിലധികം നീളുന്ന ട്രെയിന്‍ യാത്ര വെറും 18 മണിക്കൂറായി കുറയ്ക്കുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം.
ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുംബൈ സിഎസ്എംടി വരെ നീളുന്ന സര്‍വീസാണ് റെയില്‍വേയുടെ പരിഗണനയിലുള്ളത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ഉദ്യാന്‍ എക്‌സ്പ്രസ് ഏകദേശം 24 മണിക്കൂറോളം സമയമെടുത്താണ് ഈ ദൂരം പിന്നിടുന്നത്. ഇത് യാത്രക്കാര്‍ക്കും സമയനഷ്ടം വരുത്തുന്നതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ തുരന്തോ എക്‌സ്പ്രസ് എത്തിയാല്‍ യാത്രക്കാര്‍ക്ക് ആറു മണിക്കൂറോളം ലാഭിക്കാനാകും.പുതിയ സര്‍വീസില്‍ സ്റ്റോപ്പുകള്‍ കുറവായിരിക്കും.
തുമകുരു, ദാവന്‍ഗരെ, ഹുബ്ബള്ളി, ബെലഗാവി, മിറാജ്, പൂനെ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ മാത്രമായിരിക്കും സ്റ്റോപ്പുകള്‍. വൈകുന്നേരം 4:30-ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:30-ന് മുംബൈയില്‍ എത്തുന്ന രീതിയിലാണ് ട്രെയിന്‍ സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്. മുംബൈയില്‍ നിന്നുള്ള മടക്കയാത്ര ഉച്ചയ്ക്ക് മൂന്നിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9:30-ന് ബെംഗളൂരു സ്‌റ്റേഷനില്‍ എത്തും. പ്രീമിയം ട്രെയിനായതിനാല്‍ ഭക്ഷണവും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും. എസി 3 ടയര്‍ നിരക്ക് ഏകദേശം 2500 രൂപയോളം വരുമെന്നാണ് സൂചന.വരാന്‍ പോകുന്ന ട്രെയിന്‍ സര്‍വീസ് ഐടി-ബിസിനസ് മേഖലയ്ക്ക് ഗുണകരമാകും. നേരത്തെ പ്രഖ്യാപിച്ച മറ്റൊരു സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ 24 മണിക്കൂര്‍ സമയമെടുക്കുന്നതിനെതിരെ യാത്രക്കാരില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായ വേഗമേറിയ ട്രെയിന്‍ സര്‍വീസ് റെയില്‍വേ ഗൗരവമായി പരിഗണിക്കുന്നത്.
ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ബെംഗളൂരു ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അശുതോഷ് കുമാര്‍ സിംഗ് വ്യക്തമാക്കുന്നത്.ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിലുള്ള പുതിയ ദുരന്തോ എക്‌സ്പ്രസ് സര്‍വീസിനായി റെയില്‍വേ ബോര്‍ഡ് രണ്ട് അത്യാധുനിക എല്‍എച്ച്ബി റേക്കുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മികച്ച സുരക്ഷയും യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവവും നല്‍കുന്നവയാണ് ഈ റേക്കുകള്‍. രണ്ട് റേക്കുകള്‍ ഉള്ളതിനാല്‍ ഒരു ട്രെയിന്‍ മുംബൈയിലേക്ക് പോകുമ്പോള്‍ മറ്റൊന്ന് തിരികെ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. ഈ ട്രെയിനുകളുടെ പ്രാഥമിക അറ്റകുറ്റപ്പണികള്‍ കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ തന്നെ നടത്തും.
508 കിലോമീറ്റർ വെറും രണ്ട് മണിക്കൂറിൽ :മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ അടുത്തവർഷം
ബുള്ളറ്റ് ട്രെയിൻ എത്തുന്നതോടെ സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താം. ഇത് ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസം നല്‍കും. ഗുജറാത്തിലെ സൂറത്ത് -ബിലിമോറ സെക്ഷനിലാണ് രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ വരുന്നത്. സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള 47 കിലോമീറ്റർ ഭാഗം 2027 ഓഗസ്റ്റ് 15-നകം പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയായ 508 കിലോമീറ്റർ ,മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പദ്ധതിയുടെ ഭാഗമാണ് .നഗരത്തിലെ പ്രശസ്തമായ വജ്ര വ്യവസായത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള സൂറത്ത് സ്റ്റേഷൻ നിർമ്മാണത്തിലിരിക്കുന്ന ഒരു ഗതാഗത കേന്ദ്രമാണ്. സ്റ്റേഷനിലെ സിവിൽ ജോലികൾ ഇതിനകം പൂർത്തിയായി.
ലോകത്തിൽ ആകെ 22 രാജ്യങ്ങളിലാണ് അതിവേഗ ട്രെയിനുകളായ ബുള്ളറ്റ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. വേൾഡ് പോപ്പുലേഷൻ റിവ്യൂവിൻ്റെ 2025 ലെ റിപ്പോർട്ട് അനുസരിച്ച് ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ഇറ്റലി, യുറോപ്പ്, സ്‌പെയിൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ബുള്ളറ്റ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.
ജപ്പാനിലാണ് ബുള്ളറ്റ് ട്രെയിൻ ആദ്യമായി സർവീസ് നടത്തുന്നത്. ഇവിടെ ട്രെയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. മുൻ കാലങ്ങളിൽ മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ സർവീസ് നടത്തിയിരുന്നത്.മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി 508 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇത് മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ രൂപകൽപന ചെയ്‌തിട്ടുള്ളതാണ്. ബുള്ളറ്റ് ട്രെയിൻ ഏകദേശം രണ്ട് മണിക്കൂർ 17 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുമെന്നാണ് കരുതപ്പെടുന്നത്.
2017 ലായിരുന്നു പദ്ധതി ആരംഭിച്ചിരുന്നത്. 2023 ഡിസംബർ വരെയായിരുന്നു പദ്ധതി പൂർത്തികരിക്കാനുള്ള ആദ്യ സമയപരിധി. പിന്നീട് ചില കാരണങ്ങളാൽ സമയപരിധി നീട്ടുകയായിരുന്നു.ഭാഗികമായാണ് റെയിൽ പദ്ധതി പ്രവർത്തനക്ഷമമാക്കുന്നത്. അതുകൊണ്ട് തന്നെ ബാക്കിയുള്ള ഭാഗങ്ങളിൽ പണികൾ പൂർത്തിയാവുന്നത് അനുസരിച്ച് ഘട്ടം ഘട്ടമായി റെയിൽ പാത തുറക്കുന്നതായിരിക്കും. അതേസമയം റോഡ് ഗതാഗതത്തെ അപേക്ഷിച്ച് കാർബൺ പുറത്തേക്ക് തള്ളുന്നത് ഏകദേശം 95 ശതമാനത്തോളം കുറക്കാൻ ബുള്ളറ്റ് ട്രെയിനിന് സാധിക്കും.
സാധാരണയായി ബുള്ളറ്റ് ട്രെയിനുകൾ വളരെ കൃത്യസമയത്ത് ഓടുന്നവയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ ഇവയുടെ പ്രവർത്തനത്തെ അധികം ബാധിക്കാറില്ല.കുറഞ്ഞ ശബ്ദവും കുലുക്കവുമില്ലാത്ത സുഖകരമായ യാത്രയാണ് ബുള്ളറ്റ് ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നത്.