കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ബെസ്റ്റ് ബസ് ഇടിച്ചുകയറി; നാല് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു.

കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ബെസ്റ്റ് ബസ് ഇടിച്ചുകയറി; നാല് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു.

 മുംബൈ :ഭാണ്ഡുപ് വെസ്റ്റിലെ തിരക്കേറിയ സ്റ്റേഷൻ റോഡിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ബെസ്റ്റ് ബസ് ഇടിച്ചുകയറി നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി 9.35 ഓടെ നടന്ന സംഭവത്തിന് തൊട്ടുപിന്നാലെ ഡ്രൈവർ സന്തോഷ് സാവന്തിനെ (50) കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. 

ഭാണ്ഡൂപ്പ് സ്റ്റേഷനും നാർദാസ് നഗറിനും ഇടയിലുള്ള റൂട്ട് നമ്പർ 606 ൽ സർവീസ് നടത്തുന്ന ബസ് ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള തിരക്കേറിയ സ്റ്റേഷൻ റോഡിൽ ഒരു വളവ് എടുക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിൽ ക്യൂവിൽ നിന്നിരുന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറി. ഒരു വിളക്കുകാലിനും കേടുപാടുകൾ സംഭവിച്ചു.ബസ് അടിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ആളുകൾ ബസ് ഒരു വശത്തേക്ക് തള്ളിമാറ്റാൻ ശ്രമിക്കുന്ന  വീഡിയോകൾ പിന്നീട് പുറത്തുവന്നു.

"ബസ് അമിത വേഗതയിൽ പോയി 12-15 പേരുടെ മേൽ ഇടിച്ചുകയറിയത് ഞാൻ കണ്ടു. അവിടെയുണ്ടായിരുന്നവർ ബസ് ഒരു വശത്തേക്ക് ചരിഞ്ഞപ്പോൾ, താഴെ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി," സംഭവസ്ഥലത്ത് നിന്നിരുന്ന ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ 12 പേരെ മുളുണ്ടിലെ എംടി അഗർവാൾ ആശുപത്രിയിലും ഘാട്‌കോപ്പറിലെ രാജവാഡി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് സ്ത്രീകളും ഒരു പുരുഷനും ആശുപത്രികളിൽ മരിച്ചതായി പ്രഖ്യാപിച്ചു, ഏഴ് പുരുഷന്മാർ ഉൾപ്പെടെ എട്ട് പേർ നിലവിൽ ചികിത്സയിലാണ്.

ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന് പിന്നിൽ എന്തെങ്കിലുംസാങ്കേതിക തകരാറുണ്ടോ അതോ മനുഷ്യ പിഴവാണോ എന്ന് അന്വേഷിക്കുമെന്ന് ജോയിന്റ് കമ്മീഷണർ (ക്രമസമാധാനം) സത്യനാരായണൻ പറഞ്ഞു. ബസിനെക്കുറിച്ചുള്ള   അന്വേഷണവും നടത്തുമെന്ന് ഡിസിപി ഹേമരാജ് രജ്പുത് പറഞ്ഞു.കഴിഞ്ഞ വർഷം കുർളയിൽ ബെസ്റ്റ് ബസ് വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ചുകയറി ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.