ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനകളുടെ നീക്കം :'ഫെഫ്‍ക്ക'യിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മിയുടെ പ്രതിഷേധം

തിരുവനന്തപുരം: നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫെഫ്ക( Film Employees Federation of Kerala (FEFKA)) യിൽ നിന്ന് രാജി വെച്ച ഭാഗ്യലക്ഷ്‍മി , ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നുംപ്രഖ്യാപിച്ചു.
ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവിൽ വിധി പറഞ്ഞത് കീഴ്ക്കോടതി മാത്രമാണ്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും 'ഫെഫ്ക'യെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. ദിലീപ് അപേക്ഷ നൽകിയാൽ സംഘടനകളിലേക്ക് തിരിച്ചെടുക്കുമെന്ന് ബി ഉണ്ണിക്കൃഷ്ണൻ ഇന്നലെ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ സാങ്കേതികമായും ധാര്‍മികമായും ഗുരുതര എതിര്‍പ്പ് രേഖപ്പെടുത്തിയാണ് ഭാഗ്യലക്ഷ്മി രാജി വെച്ചിരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഭാഗ്യലക്ഷ്മി വിഷയത്തിൽ പ്രതികരിച്ചത്. ഇന്നലെ വിധി വന്ന സമയത്ത് അതിജീവിതക്കൊപ്പമുണ്ടായിരുന്നു. അവര്‍ കടന്നുവന്ന വേദനകള്‍ ഇത്രയും വര്‍ഷം ഒപ്പം നിന്ന് കണ്ട വ്യക്തിയാണ് താൻ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
സംഘടനയുടെ ഭരണഘടനയുടെ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ഒരാളെ ഗുരുതര കുറ്റകൃത്യത്തിൽ, കേസിൽ പ്രതിയായി പുറത്താക്കുകയും പിന്നീട് കോടതി വെറുതെ വിട്ടു എന്ന പേരിൽ ഉടൻ തന്നെ തിരിച്ചെടുക്കുക എന്നുള്ളത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമാണ് എന്നും അവർ പറഞ്ഞു.
"തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും": ദിലീപ്
നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നിയമ നടപടിക്കൊരുങ്ങി നടൻ ദിലീപ്. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ദിലീപിന്‍റെ വാദം. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തിൽ വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് ദിലീപിന്‍റെ നീക്കം. നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോനയക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണെന്നാണ് കോടതി വിധിക്ക് പിന്നാലെ ദിലീപ് ആരോപിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാൾ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ് ദിലീപ് തനിക്കെതിരായ ഗൂഢാലോനയെന്ന് പറഞ്ഞ് തിരിക്കുന്നത്. അതിന് പിന്നാലെയാണ് താൻ കേസിൽ പ്രതിയായതെന്നും ഇന്നലെ ദിലീപ് ആരോപിച്ചിരുന്നു. ദിലീപിന്‍റെ ആരോപണത്തിൽ മഞജുവാര്യർ പ്രതികരിച്ചില്ല. പൊലീസിലെ ചില ക്രമിനലുകൾ ജയിലിലെ പ്രതികളെ ഉപയോഗിച്ച് കള്ളക്കഥ മെനഞ്ഞുവെന്നും തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാനുമായിരുന്നു യഥാർത്ഥ ഗൂഢാലോചന നടന്നതെന്നുമാണ് ദിലീപിന്‍റെ ആരോപണം. ഇതിന് സമാനമാണ് പ്രതികരണമാണ് ദിലീപിന്‍റെ അഭിഭാഷകനായ ബി രാമൻ പിള്ളയും നടത്തിയത്. ദിലീപിനെ പ്രതിയാക്കാൻ ഉന്നത ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഗൂഢാലോന നടത്തിയെന്ന് കേസിന് മേൽനോട്ടം വഹിച്ച എഡിജിപി ബി സന്ധ്യയെ ലക്ഷ്യമിട്ട് ബി രാമൻപിള്ള പറഞ്ഞിരുന്നു.ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പമാണെന്നാണ് മന്ത്രിമാരുടെ പ്രതികരണം.