ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ

 ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ

ന്യൂഡൽഹി: കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ പണിമുടക്ക് നടത്തുന്നത്. 

10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. 30 കോടിയലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണി വരെയാണ് പണിമുടക്ക്. സ്വകാര്യ ബസ് ജീവനക്കാരും കെഎസ്‌ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. പാൽ, പത്രം, ആശുപത്രി, മെഡിക്കൽ സ്‌റ്റോറുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുകൾ, ആംബുലൻസ് എന്നിവ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, സ്‌കൂൾ, കോളജ്, പൊതു ഗതാഗതം എന്നിവയെല്ലാം പണിമുടക്കിൽ ഉൾപ്പെടും. കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡ് റദ്ദാക്കണം, വൈദ്യുതി ഭേദഗതി ബിൽ, ഡ്രാഫ്റ്റ് ബിൽ എന്നിവ പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ലേബർ കോഡ്

2025 നവംബർ 1നാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ പുതിയ ലേബർ കോഡുകൾ അവതരിപ്പിച്ചത്. ഇന്ത്യയുടെ ലേബർ ഗവേണൻസ് ശക്തിപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് എന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. നേരത്തെ ഉണ്ടായിരുന്ന 29 നിയമങ്ങൾ റദ്ദാക്കിയാണ് പുതിയ ലേബർ കോഡുകൾ അവതരിപ്പിച്ചത്.

സാലറി കോഡ്

തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനായി കേന്ദ്രം ഒരു വേതനം നിശ്ചയിക്കും. ഇത് സംസ്ഥാനങ്ങൾക്ക് മാറ്റാൻ അനുവാദം ഇല്ല. കൃത്യ സമയത്ത് തൊഴിലാളികൾക്ക് സാലറി നൽകണം. പിഎഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ സംഭാവനകൾ എന്നിവ മൊത്തം ശമ്പളത്തിൻ്റെ 50 ശതമാനത്തിൽ കൂടാൻ പാടില്ല.

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്

നിയമനം, പിരിച്ചുവിടൽ, പണിമുടക്ക്, ട്രേഡ് യൂണിയൻ എന്നിവ ഇതിന് കീഴിൽ വരും. 300 ജീവനക്കാർ വരെയുള്ള കമ്പനികൾക്ക് ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാർ അനുമതി കൂടാതെ പിരിച്ചുവിടാൻ സാധിക്കും.സാമൂഹിക സുരക്ഷ കോഡ്: ഗിഗ് തൊഴിലാളികൾ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ, അസംഘടിത മേഖലയിലെ ജീവനക്കാർ എന്നിവർ ഇതിന് കീഴിൽ വരും. ഇവർക്ക് ഇനി മുതൽ ഇപിഎഫ്, ഇഎസ്‌ഐസി, പ്രസവ അവധി, പെൻഷൻ എന്നിവ നൽകണം.തെഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ കോഡ്: സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കും. ഒരു ദിവസം എട്ട് മണിക്കൂർ മുതൽ 12 മണിക്കൂർ വരെയാണ് ജോലി സമയം. ഇത് ആഴ്‌ചയിൽ 48 മണിക്കൂർ ആയി പരിമിതപ്പെടുത്തുന്നു. സ്‌ത്രീകളുടെ പൂർണ സമ്മതവും സുരക്ഷയും ഉറപ്പ് വരുത്തി നൈറ്റ് ഷിഫ്‌റ്റുകൾ നൽകാം.