ഭാരത് ഭാരതി കുടുംബ സംഗമങ്ങൾ സി. സദാനന്ദൻ മാസ്റ്റർ എം.പി ഉദ്ഘാടനം ചെയ്തു
മുംബൈ :സംഘ ശതാബ്ദിയോടനുബന്ധിച്ച് രഷ്ട്രീയ സ്വയം സേവക് സംഘം ഭാരത് ഭാരതിയുടെ ആഭിമുഖ്യത്തിൽ മഹാനഗരത്തിൽ രണ്ടു സ്ഥലങ്ങളിലായി കുടുംബ സംഗമങ്ങൾ നടത്തി.നവി മുംബൈ നെരൂൾ അമൃതാനന്ദമയി മഠം ഹാളിലും മാട്ടുംഗ എസ്.ഐ. ഇ.എസ് ഹൈസ്കൂൾ ആഡിറ്റോറിയത്തിലും നടന്ന പരിപാടികളിൽ സംഘത്തിൻ്റെ മുംബൈയിലെയും നവി മുംബൈയിലെയുമുള്ള പ്രവർത്തകർ കുടുംബസമേതം പങ്കെടുത്തു. ചടങ്ങിൽ ഭാരത് ഭാരതി പ്രമുഖ് എ.ആർ. ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു.

സംഘത്തിൻ്റെ പ്രമുഖ കാര്യകർത്താക്കളായ കമലേഷ് പട്ടേൽ, രവീന്ദ്ര സാംഘ്വി,വിലാസ് ഭഗവത് എന്നിവർ സംബന്ധിച്ചു. സംഘ ശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന പ്രവർത്തനങ്ങളെ പറ്റി വിലാസ് ഭഗവത് സംസാരിച്ചു.എ. ആർ. ഗോകുൽദാസ് ഭാരത് ഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു . സംഘ ശതാബ്ദിയുടെ സന്ദേശം ഓരോ മലയാളിയിലും എത്തിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. നെരൂൾ മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി അമയാ മൃതാനന്ദജിയും ഹിന്ദു ജാഗരൺ മഞ്ച് കോശാദ്ധ്യക്ഷൻ പി. സുരേഷ് ബാബുവും വിവിധ സംഘടനാ പ്രവർത്തകരും ആശംസകൾ നേർന്നു.
ആശയ പ്രതിബദ്ധതയും നിഷ്ഠാ പ്രവർത്തനവുമാണ് സംഘത്തെ ലോകത്തിൽ അദ്വിതീയമാക്കിയതെന്നും നിസ്വാർത്ഥ പ്രവർത്തനവും സേവാ സന്നദ്ധതയും സംഘത്തിൻ്റെ മാത്രം പ്രത്യേകതയാണെന്നും സദാനന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. സമൂഹത്തിൻ്റെ പ്രശ്നങ്ങളിൽ സദാ ഇടപെടുവാനും വ്യക്തി നിർമ്മാണത്തിലൂടെ സാമൂഹ്യ ശാക്തീകരണവും അതിലൂടെ രാഷ്ട്ര നവോത്ഥാനവും സാദ്ധ്യമാക്കാൻ അദ്ദേഹം ആഹ്വാനം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതത്തിൽ നടക്കുന്ന സമൂലമായ പരിവർത്തനങ്ങൾ ഭാരതത്തെ ലോകഗുരുസ്ഥാനത്ത് പ്രതിഷ്ഠിക്കുമെന്നും ഇനിയുള്ള കാലം നമ്മുടെതു മാത്രമായിരിക്കുമെന്നും ഉദാഹരണങ്ങൾ സഹിതം അദ്ദേഹം സമർത്ഥിച്ചു. രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതു മുതൽ മോദി എങ്ങനെയാണ് സാധാരണ പ്രവർത്തകർക്കു വരെ കാവലും കരുതലുമായി വർത്തിക്കുന്നതെന്ന് സ്വാനുഭവങ്ങൾ നിരത്തി അദ്ദേഹം വിവരിച്ചു.മുംബൈ മേഖലയിലെ വിവിധ പരിവാർ സംഘടനകളും സാമൂഹ്യ സാംസ്കാരിക സംഘടനകളും അദ്ദേഹത്തെ ആദരിച്ചു. നെരൂളിൽ വിനോദും മാട്ടുംഗയിൽ പ്രസാദും പരിപാടികൾ നിയന്ത്രിച്ചു. വന്ദേമാതര ആലാപനത്തോടെ പരിപാടികൾ പര്യവസാനിച്ചു.

