അവധിക്കാലം ആഘോഷമാക്കാം:ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ ഇന്ത്യയിലേക്കും ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിൻ

അവധിക്കാലം ആഘോഷമാക്കാം:ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ ഇന്ത്യയിലേക്കും ഭാരത് ഗൗരവ് സ്പെഷ്യൽ ട്രെയിൻ

 തിരുവനന്തപുരം: വേനലവധിക്കാലത്ത് ഭൂട്ടാനിലേക്കും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനിൽ യാത്ര ചെയ്യാൻ അവസരമൊരുങ്ങുന്നു. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലാണ് സമ്മർ സ്പെഷ്യൽ ടൂർ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 25-ന് തുടങ്ങി രണ്ടാഴ്ച നീളുന്ന മൂന്ന് പാക്കേജുകളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. മധുരയിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെടുന്നത്.

ഡാർജിലിങ്, ഗാങ്‌ടോക്ക് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഒന്നാമത്തെ പാക്കേജ്. വിശാഖപട്ടണത്തെ ബോറാ ഗുഹകൾ, ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക്, കൈലാസഗിരി, താശീ വ്യൂ പോയിന്റ്, ടൈഗർ ഹിൽ, ചാങ്ഗൂ തടാകം, ടെൻസിങ് റോക്കിലെ ജാപ്പനീസ് ടെമ്പിൾ, പദ്മജാ നായിഡു സുവോളജിക്കൽ പാർക്ക്, ദക്ഷിണേശ്വര ക്ഷേത്രം, ബേലൂർ മഠം തുടങ്ങിയ സ്ഥലങ്ങൾ പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ലീപ്പർ ക്ലാസിന് 45,950 രൂപയാണ് നിരക്ക്.

മധുരയിൽ നിന്ന് തുടങ്ങുന്ന ട്രെയിൻ വിരുദുനഗർ, തിരുനെൽവേലി, നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, പൊടനൂർ, ഈറോഡ്, സേലം, ജോളാർപേട്ട, കാട്പാടി, അരക്കോണം, പെരമ്പൂർ, ഗൂഡൂർ, നെല്ലൂർ വഴി പോകും. വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അടുത്തുള്ള ബോർഡിങ് പോയിന്റുകളിലേക്ക് എത്താനുള്ള യാത്രാസൗകര്യം സജ്ജീകരിക്കുമെന്ന് ഭാരത് ഗൗരവ് ട്രെയിനിനും സൗത്ത് സ്റ്റാർ റെയിലിനും വേണ്ടി വാർത്താസമ്മേളനം നടത്തിയ വിഘ്നേഷ് പറഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യാൻ www.tourtimes.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7305858585.

തേർഡ് എസിക്ക് 53,300 രൂപയും സെക്കൻഡ് എസിക്ക് 66,500 രൂപയും ഫസ്റ്റ് എസി ടിക്കറ്റിന് 72,100 രൂപയുമാണ്. ഈ പാക്കേജ് തെരഞ്ഞെടുക്കുന്നവർ വോട്ടർ ഐഡി, പാസ്‌പോർട്ട് എന്നിവയുടെ ആറ് കോപ്പികൾ, കളർ ഫോട്ടോ എന്നിവ കൈയ്യിൽ കരുതണം. വെജിറ്റേറിയൻ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, ട്രെയിൻ യാത്രയിലെ ലഘുഭക്ഷണങ്ങൾ എന്നിവ പാക്കേജിന്‍റെ ഭാഗമാണ്.

വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗുവാഹത്തി, ഷില്ലോങ്, ചിറാപുഞ്ചി, മൗലിനോങ്, ഡൗക്കി എന്നീ സ്ഥലങ്ങളാണ് രണ്ടാമത്തെ പാക്കേജിൽ ഉൾപ്പെടുന്നത്. ബോറാ ഗുഹകൾ, ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക്, ബ്രഹ്മപുത്ര നദീതീരത്തെ സൂര്യസ്തമയം, ഷില്ലോങ്ങിലേക്കുള്ള ബസ് യാത്ര, ചിറാപുഞ്ചിയിലെ പൈൻ കാടുകൾ, ലിവിങ് റൂട്ട് ബ്രിഡ്ജ്, ഗുവാഹത്തിയിലെ കാമഖ്യ ക്ഷേത്രം, കൊൽക്കത്തയിലെ ദക്ഷിണേശ്വര ക്ഷേത്രം, ബേലൂർ മഠം, വിക്ടോറിയ മെമ്മോറിയൽ തുടങ്ങിയ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 59,350 രൂപയാണ് നിരക്ക്. തേർഡ് എസിക്ക് 64,350 രൂപയും സെക്കൻഡ് എസിക്ക് 74,450 രൂപയും ഫസ്റ്റ് എസിക്ക് 79,950 രൂപയുമാണ് നിരക്ക്. മൂന്നു നേരത്തെ ഭക്ഷണവും പാക്കേജിൽ ഉൾപ്പെടും.ഹിമാലയൻ രാഷ്ട്രമായ ഭൂട്ടാനിലേക്കാണ് മൂന്നാമത്തെ പാക്കേജ് ഒരുക്കിയിരിക്കുന്നത്. വിശാഖപട്ടണത്തെ ബോറാ ഗുഹകൾ, അരക്കു വാലി, ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ കണ്ട് പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജങ്ഷനിലെത്തും. അവിടെനിന്ന് ഭൂട്ടാനിലെ ഫ്യൂണ്ട്ഷോലിങ്ങിലെത്തും, തുടർന്ന് തലസ്ഥാനമായ തിംഫുവിലേക്ക് തിരിക്കും.

ശേഷം ക്വെൻസൽ ഫോഡ്രങ്, സാങ്യാങ് വ്യൂ പോയിന്റ്, ചിമി ലാഖാങ്, റോയൽ ബൊട്ടാണിക്കൽ പാർക്ക്, താ സോങ് തുടങ്ങിയ സ്ഥലങ്ങൾ കണ്ട് ഫ്യൂണ്ട്ഷോലിങ്ങിൽ തിരികെയെത്തും. അവിടെനിന്ന് കൊൽക്കത്ത വഴി മടക്കയാത്ര. സ്ലീപ്പർ ക്ലാസ് ടിക്കറ്റിന് 76,950 രൂപയാണ്. തേർഡ് എസിക്ക് 83,500 രൂപയും സെക്കൻഡ് എസിക്ക് 94,950 രൂപയും ഫസ്റ്റ് എസിക്ക് 97,900 രൂപയുമാണ് നിരക്ക്. മൂന്നു നേരത്തെ ഭക്ഷണവും പാക്കേജിൽ ഉൾപ്പെടും.ഇൻഷുറൻസ്, ട്രെയിൻ ടിക്കറ്റ് എന്നിവയ്ക്ക് പുറമേ യാത്രയ്ക്കിടയിലുള്ള താമസസൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വാഹനസൗകര്യം, ലഗേജുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയും പാക്കേജിലുണ്ട്. ദക്ഷിണേന്ത്യൻ വിഭവങ്ങളായിരിക്കും യാത്രയിൽ വിളമ്പുക.