'ശില്പകലയിലെ ഭീഷ്മാചാര്യൻ 'രാംസൂത്തര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ലോകപ്രശസ്‌ത ശില്‍പ്പി രാംസൂത്തര്‍ അന്തരിച്ചു. 'സ്റ്റാച്യു ഓഫ് യൂണിറ്റി' അടക്കം കാലത്തെ അതിജീവിക്കുന്ന നൂറ് കണക്കിന് ലോകോത്തര ശില്‍പ്പങ്ങളുടെ സ്രഷ്‌ടാവാണ് വിടപറഞ്ഞിരിക്കുന്നത് .അദ്ദേഹത്തിന്‍റെ നൂറാം പിറന്നാള്‍ അടുത്തിയിടെയാണ് പ്രൗഡഗംഭീരമായി ആഘോഷിച്ചിരുന്നത്.ഇന്ന് നോയ്‌ഡയിലെ സെക്‌ടര്‍ 9നിലുള്ള വസതിക്ക് സമീപത്ത് നിന്ന് വിലാപയാത്ര ആരംഭിക്കുമെന്നും തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും മകന്‍ അനില്‍ സുതാര്‍ അറിയിച്ചു.
രാജ്യമെമ്പാടുമായി നിരവധി വന്‍ ശില്‍പ്പങ്ങളാണ് അദ്ദേഹം തീര്‍ത്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ സ്റ്റാച്യു ഓഫ് യൂണിറ്റി അടക്കമുള്ളവ അദ്ദേഹത്തിന്‍റെ കരവിരുതില്‍ തീര്‍ത്തവയാണ്. അറുപത് വര്‍ഷത്തിലേറെ നീണ്ട തന്‍റെ കലാസപര്യക്കിടെ 200 ലേറെ പ്രശസ്‌തമായ കൂറ്റന്‍ ശില്‍പ്പങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, ഗോവിന്ദ വല്ലഭ് പന്ത് തുടങ്ങി നിരവധി രാഷ്‌ട്രീയ നേതാക്കളുടെ ശില്‍പ്പങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.
രാജ്യം 2016ല്‍ അദ്ദേഹത്തെ പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ചു. 1999ല്‍ പദ്‌മ ശ്രീയും സമ്മാനിച്ചിരുന്നു. മഹാത്‌മാഗാന്ധിയുടെ നിരവധി ശില്‍പ്പങ്ങള്‍ സ്വന്തം കയ്യാല്‍ വിദേശ രാജ്യങ്ങളിലടക്കം അദ്ദേഹം നിര്‍മ്മിച്ചു. പാര്‍ലമെന്‍റിന് മുന്നിലുള്ള ഗാന്ധിജിയുടെ വെങ്കല, ശില ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചതും അദ്ദേഹമാണ്. ബാബാ സാഹേബ് അംബേദ്ക്കര്‍, ഛത്രപതി ശിവജി, മഹാത്മാ ജ്യോതിഭായ് ഫുലെ തുടങ്ങിയവരുടെ ശില്‍പ്പങ്ങള്‍ രാജ്യത്തിന്‍റെ സമ്പന്ന ശില്‍പ്പ പൈതൃകത്തിന്‍റെ പ്രതീകങ്ങളായി ലോകമെമ്പാടും തലയുയര്‍ത്തി നില്‍ക്കുന്നു
.ഋഷി തുല്യമായ ജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ മഹാരാഷ്‌ട്ര സര്‍ക്കാര്‍ 2024ല്‍ മഹാരാഷ്‌ട്ര ഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. തങ്ങള്‍ വടക്കേന്ത്യയില്‍ താമസമാക്കിയതിനാല്‍ മഹാരാഷ്‌ട്ര സര്‍ക്കാരിന് തങ്ങളെക്കുറിച്ച് ഏറെ അറിയില്ലായിരുന്നു മകന്‍ അനില്‍ സുത്താർ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. "വടക്കേന്ത്യയിലും വിദേശത്തും അദ്ദേഹം ധാരാളം പ്രതിമകള്‍ നിര്‍മ്മിച്ചു. എന്നാലിന്ന് മഹാരാഷ്‌ട്രയിലാണ് അദ്ദേഹത്തിന്‍റെ ഏറ്റവും കൂടുതല്‍ സൃഷ്‌ടികള്‍ ഉള്ളത്. അത് കൊണ്ട് ഇപ്പോള്‍ മഹാരാഷ്‌ട്ര സര്‍ക്കാരിന് തങ്ങളെ അറിയാം. അത് കൊണ്ടാകാം ഇപ്പോള്‍ ഈ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നത്". പിതാവിനൊപ്പം അനിലും ശില്‍പ്പ നിര്‍മ്മാണ രംഗത്ത് ചുവട് ഉറപ്പിച്ച വ്യക്തിയാണ്.
ധൂലെ ജില്ലയിലെ ഗോണ്ടൂരില്‍ ഒരു പാവപ്പെട്ട മരപ്പണിക്കാരുടെ കുടുംബത്തില്‍ 1925ലായിരുന്നും രാം സൂത്തറിന്‍റെ ജനനം. കുട്ടിക്കാലത്ത് തന്നെ ഗുരുവായിരുന്ന ശ്രീരാം ജോഷി അദ്ദേഹത്തിന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിലെ കലാകാരനെ പരിപോഷിപ്പിക്കാനായി മുംബൈയില്‍ ജെ ജെ സിങിനടുത്തേക്ക് അദ്ദേഹത്തെ അയച്ചു.ജെ ജെ യില്‍ നിന്ന് ശില്‍പ്പകല അഭ്യസിക്കുന്നതിനൊപ്പം അദ്ദേഹം സ്‌കൂള്‍ ഓഫ് ആര്‍ട്ടിലും ചേര്‍ന്നു. ഒന്നാം ക്ലാസോടെയാണ് അദ്ദേഹം ശില്‍പ്പകലാപഠനം പൂര്‍ത്തിയാക്കിയത്. മോഡലിങിന് മയോ ഗോള്‍ഡ് മെഡലും നേടി.
പെയിന്‍റിങും പോട്ടറി നൈപുണ്യവും നേടിയതാണ് രാമിനെ ശില, മാര്‍ബിള്‍ ശില്‍പ്പ നിര്‍മ്മാണ രംഗത്തെ അതികായനാക്കിയത്. എന്നാല്‍ അദ്ദേഹത്തിന് വെങ്കല പ്രതിമകള്‍ നിര്‍മ്മിക്കാനായിരുന്നു താത്പര്യം ഏറെയും.1950കളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലോകപ്രശസ്‌ത ഛത്രപതി സംഭാജി നഗറിലെ അജന്താ ഗുഹകള്‍ പുനഃസൃഷ്‌ടിക്കാന്‍ തീരുമാനിച്ചു. അക്കാലത്ത് പല ശില്‍പ്പകളെയും പഴയ പ്രൗഢിയോടെ പുനഃസൃഷ്‌ടിച്ചത് രാമാണ്. 1952ല്‍ പ്രമീളയെ വിവാഹം ചെയ്‌തു. 1959ല്‍ വിവര -വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ഡയറക്‌ടറേറ്റ് ഓഫ് ഓഡിയോ വിഷ്വ്‍ പബ്ലിസിറ്റി എക്‌സിബിഷന്‍ ഡിവിഷനില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍റായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ശില്‍പ്പ നിര്‍മ്മാണത്തിലുള്ള താത്പര്യം മൂലം അദ്ദേഹം ജോലി ഉപേക്ഷിക്കുകയും സ്വതന്ത്രമായി അത് ചെയ്യുകയും ചെയ്‌തു.ഗാന്ധി സാഗര്‍ ഡാമിലുള്ള ചമ്പല്‍ സ്‌മാരക നിര്‍മ്മാണത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ അദ്ദേഹത്തെ നേരിട്ട് അഭിനന്ദിച്ചിരുന്നു. ഒരൊറ്റ കോണ്‍ക്രീറ്റ് ബ്ലോക്ക് ഉപയോഗിച്ചാണ് 45 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. മധ്യപ്രദേശ്-രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ സാഹോദര്യം ഉയര്‍ത്തിക്കാട്ടുന്ന പ്രതിമയാണിത്. ഒരു അമ്മയും രണ്ട് കുഞ്ഞുങ്ങളുമായുള്ള ഈ പ്രതിമ പണ്ഡിറ്റ് നെഹ്‌റുവിനെ ഏറെ സന്തോഷവാനാക്കിയിരുന്നു.
ആനന്ദവനത്തിലെ ശില്‍പ്പതോട്ടവും അദ്ദേഹത്തിന്‍റെ വിഖ്യാത സൃഷ്‌ടികളിലൊന്നാണ്. ഗാന്ധിജിയുടെ നൂറാം പിറന്നാള്‍ ആഘോഷ വേളയില്‍ ഇന്ത്യ അദ്ദേഹത്തിന്‍റെ പ്രതിമകള്‍ റഷ്യ, ബ്രിട്ടന്‍, മലേഷ്യ,ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്‍റീന, ബാര്‍ബഡോസ്, കാരക്കസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമ്മാനിച്ചിരുന്നു. ഈ പ്രതിമകളെല്ലാം രാമാണ് നിര്‍മ്മിച്ചത്. നോയ്‌ഡയിലെ അദ്ദേഹത്തിന്‍റെ സ്റ്റുഡിയോ ശരിക്കും ഒരു മ്യൂസിയമാണ്. പല പ്രമുഖരുടെയും മോഡലുകളുടെയും പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ തീര്‍ത്ത പ്രതിമകള്‍ നമുക്കിവിടെ കാണാം. മകന്‍ അനില്‍ സൂത്തര്‍ പിതാവിന്‍റെ കലാസൃഷ്‌ടികളെല്ലാം ചേര്‍ത്ത് ഒരു കൂറ്റന്‍ ശില്‍പ്പ തോട്ടം ഇവിടെ ഒരുക്കിയിരിക്കുന്നു. ആനന്ദ വനം എന്നാണ് ഇതിന് പേര് നല്‍കിയിട്ടുള്ളത്. സൂരജ്‌കുണ്ഡ്-ഭഡ്‌ഖല്‍ ലേക്ക് റോഡിലാണ് ഈ ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത്.

