ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖർ സൽമാനും അമിത് ചക്കാലക്കലിനും പിറകെ ഇഡി

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖർ സൽമാനും അമിത് ചക്കാലക്കലിനും പിറകെ ഇഡി

എറണാകുളം: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. നടൻ അമിത് ചക്കാലക്കൽ, ദുൽഖർ സൽമാൻ എന്നിവരെയാണ് ഇഡി പ്രധാനമായും ചോദ്യം ചെയ്യുക. രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ഉടൻ താരങ്ങൾക്ക് ഉടൻ നോട്ടീസ് നൽകുമെന്നും നേരിട്ട് ഹാജരാകാൻ നിർദേശം നൽകുമെന്നുമാണ് ലഭിക്കുന്ന വിവരം.

വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), കള്ളപ്പണ ഇടപാടുകൾ, ഹവാല ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. ഫെമയുടെ സെക്ഷൻ 3, 4, 8 എന്നിവയുടെ പ്രാഥമിക ലംഘനങ്ങൾ നടന്നിട്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തൽ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

അന്വേഷണത്തിൻ്റെ ഭാഗമായി ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടേത് ഉൾപ്പെടെ 17 സ്ഥലങ്ങളിൽ ഇഡി റെയ്‌ഡ് നടത്തി. മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങളുടെ വീടുകളിലായിരുന്നു പരിശോധന നടന്നത്. പരിശോധനയിൽ കേസിന് നിർണായകമായ ചില രേഖകളും സാമ്പത്തിക ഇടപാട് വിവരങ്ങളും ഇഡി പിടിച്ചെടുത്തു. റെയ്‌ഡിന് ശേഷം പ്രധാന രേഖകൾ സമാഹരിക്കുകയും താരങ്ങൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി വിശദീകരണങ്ങൾ തേടുകയും ചെയ്തിരുന്നു. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലക്കൽ അടക്കമുള്ളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. നടൻ ദുൽഖറിനും ഉടൻ നോട്ടീസ് നൽകുമെന്നാണ് ലഭിക്കുന്ന വിവരം.ഇഡിയുടെ തുടർനടപടികളുടെ ഭാഗമായി വരും ദിവസങ്ങളിൽ ഇവരെ വിശദമായി ചോദ്യം ചെയ്യും. നടൻ അമിത് ചക്കാലക്കൽ തനിക്ക് ഹാജരാകാൻ സമയം നീട്ടി നൽകണമെന്ന് ഇഡിയോട് അഭ്യർഥിച്ചിട്ടുണ്ട്, ഈ അപേക്ഷ ഇഡി പരിശോധിച്ചു വരികയാണ്.

 നടൻ അമിത് ചക്കാലക്കൽ മുഖ്യ ഇടനിലക്കാരൻ 

ഈ വാഹനക്കടത്തിൽ വിദേശ നിർമിത കാറുകളുടെ വിൽപനയിൽ നടൻ അമിത് ചക്കാലക്കൽ മുഖ്യ ഇടനിലക്കാരനാണെന്ന് കസ്റ്റംസ് കണ്ടെത്തി. കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അമിത് ചക്കാലക്കലിന് അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. നടൻ്റെ കൈവശമുണ്ടായിരുന്ന ഏഴ് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്, ഇതിൽ രണ്ടെണ്ണം കസ്റ്റംസ് ഓഫിസിലേക്ക് കൊണ്ടുപോയി. കള്ളക്കടത്തിന് കൂട്ടുനിന്ന ഹിമാചലിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്.ഭൂട്ടാൻ ആർമിയും മറ്റും ഉപേക്ഷിച്ച വാഹനങ്ങളാണ് ഇടനിലക്കാർ ഇന്ത്യയിലേക്ക് കടത്തുന്നത്. 

വിൽപ്പന രീതി 

ഭൂട്ടാനിൽ സൈന്യം ലേലം ചെയ്ത എസ്‌യുവികളും മറ്റും കുറഞ്ഞ വിലയ്ക്ക് വാങ്ങി, ഇവ ഹിമാചൽപ്രദേശിൽ അനധികൃതമായി രജിസ്റ്റർ ചെയ്യും. അതിനുശേഷം ഈ വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കുകയായിരുന്നു പതിവ്. ദുൽഖർ സൽമാൻ്റെ രണ്ട് വാഹനങ്ങളാണ് കേസിൻ്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി പിടിച്ചെടുത്തത്.