ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ സജീവ രാഷ്ട്രീയത്തിലേക്ക്

തിരുവനന്തപുരം : ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ സജീവ രാഷ്ട്രീയത്തിലേക്ക്. ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. റോബിനൊപ്പം മുൻ വൈക്കം എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിത്തും ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഡോക്ടർ എന്നതിലുപരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ വലിയ ആരാധകവൃന്ദമുള്ള റോബിൻ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. തിരുവനന്തപുരം സ്വദേശിയായ റോബിൻ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായത്. റോബിന്റെ ഭാര്യയും സംരംഭകയുമായ ആരതി പൊടിയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായ വ്യക്തിയാണ്.

സിപിഐ നേതാവും വൈക്കം മുൻ എംഎൽഎയുമായ കെ. അജിത് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിലാണ് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും കെ അജിത് അംഗത്വം സ്വീകരിച്ചത്.രണ്ട് തവണയായി 2006 മുതൽ 2016 വരെ 10 കൊല്ലം വൈക്കം സംവരണ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയിരുന്നു അജിത്.
തന്റെ ബിജെപി പ്രവേശം പെട്ടെന്നെടുത്ത ഒരു തീരുമാനമല്ലെന്ന് അജിത് വ്യക്തമാക്കി. ദളിത് വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്ന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അത് നേടിയെടുക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. തന്റെ അതൃപ്തി നേരത്തെതന്നെ സിപിഐ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ആറുമാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അജിത് കൂട്ടിച്ചേർത്തു.പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ചത് ബിജെപിയാണെന്നും ആ പാർട്ടിയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തെ ജനങ്ങളോട് ഭരണ-പ്രതിപക്ഷങ്ങൾ നീതി കാണിച്ചില്ലെന്നും വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പരിപാടികൾ കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രമുള്ളവയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ജനവിഭാഗത്തെ സംരക്ഷിക്കാനും വൈക്കത്ത് പുതിയൊരു വികസന മാറ്റം കൊണ്ടുവരാനും ബിജെപിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായും കെ. അജിത് പറഞ്ഞു.