ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പറ്റ്ന: ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 1300ലധികം സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. നിതീഷ്‌ സര്‍ക്കാരിലെ അര ഡസനിലേറെ മന്ത്രിമാരും ഇതില്‍ ഉള്‍പ്പെടും.രാവിലെ കൃത്യം ഏഴ്‌ മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തിലെ റെക്കോഡ് പോളിങ് രണ്ടാംഘട്ടത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. ആദ്യഘട്ടത്തില്‍ 64.66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ്ങിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകുന്നേരത്തോടെ പുറത്ത് വന്നിരുന്നു.ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കും പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന വോട്ടെടുപ്പാണിത്. രണ്ടാംഘട്ടത്തില്‍ 3.7 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തും.ചില  പോളിങ് ബൂത്തുകള്‍ക്ക് സമീപം അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതിനാൽ  കനത്ത സുരക്ഷയോടെയാണ്  വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പോളിങ് ബൂത്തുകള്‍ക്ക് സമീപം സുരക്ഷ ഉറപ്പാക്കാന്‍ നാല്‌ ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.ബോംബ്‌ നിര്‍മാര്‍ജ സ്‌ക്വാഡുകളും അര്‍ദ്ധ സൈനിക വിഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. മാത്രമല്ല പോളിങ് ബൂത്തുകളിലെ ക്രമീകരണങ്ങളില്‍ അടക്കം മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകുന്നേരം ആറ് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കും.

എന്നാല്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ അഞ്ച് മണിവരെയായിരിക്കും വോട്ടെടുപ്പ്. ചെയിൻപൂർ, രജൗളി, ഗോവിന്ദ്പൂർ, സിക്കന്ദ്ര, ജാമുയി, ജാഝ, ചകായ് എന്നിവിടങ്ങളിലും ഔറംഗാബാദ്, ഗയ, കൈമൂർ തുടങ്ങിയ നക്സൽ ആക്രമണഭീഷണിയുള്ള  ജില്ലകളിലെ വിവിധ പോളിങ് ബൂത്തുകളിലും ഒരു മണിക്കൂര്‍ മുമ്പ് പോളിങ് അവസാനിപ്പിക്കും.  ക്രമസമാധാനം കണക്കിലെടുപ്പാണ് ഈ തീരുമാനം. അതേസമയം രണ്ടാംഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ബിഹാറില്‍ നവംബര്‍ 14നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.

എസ്‌ഐആര്‍ ഹര്‍ജികള്‍ ഇന്ന്    പരിഗണിക്കും:  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് എതിരായ ഹര്‍ജികള്‍ ഇന്ന് (നവംബര്‍ 11) സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സൂര്യാകാന്ത് അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് എഴുതി നല്‍കണമെന്ന് കമ്മിഷനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിഹാറിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ എസ്‌ഐആറിനെതിരായ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കും.