ബിഹാർ പത്താം ക്ലാസ് ഫലം പുറത്ത്, ടോപ്പറായ പുഷ്പാഞ്ജലി കുമാരിക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും ലാപ്ടോപ്പും

പട്ന: ബിഹാർ സ്കൂൾ പരീക്ഷാ ബോർഡ് (ബിഎസ്ഇബി) പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 81.79 ആണ് ഈ വർഷത്തെ വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി സുനിൽ കുമാറാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. ജാമുയി ജില്ലയിലെ പുഷ്പാഞ്ജലി കുമാരിയും വൈശാലി ജില്ലയിലെ സബ്രീൻ പ്രവീണും 98.4 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മാർച്ച് മാസം തന്നെ 10, 12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന ഏക സംസ്ഥാനം ബിഹാർ ആണ്.
ബെഗുസാരായ് ജില്ലയിലെ നഹിദ് സുൽത്താന 489 മാർക്കുമായി രണ്ടാം സ്ഥാനം നേടി. ബക്സറിലെ അനുപ കുമാരിയും ബെഗുസാരായ്യിലെ ഓം കുമാറും 488 മാർക്കുമായി മൂന്നാം സ്ഥാനം നേടിയതായി ബിഎസ്ഇബി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.സാങ്കേതികവിദ്യയുടെ സഹായത്തോടെ, പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണയ പ്രക്രിയ 12 ദിവസത്തിനുള്ളിൽ റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കിയതായി സുനിൽ കുമാർ പറഞ്ഞു.
ഒന്നാം റാങ്ക് നേടിയവിദ്യാർത്ഥിക്ക് ₹2 ലക്ഷം സമ്മാനത്തുകയും, രണ്ടും മൂന്നും റാങ്ക് നേടുന്നവർക്ക് ₹1.5 ലക്ഷം, ₹1 ലക്ഷം,നാലിനും പത്തിനും ഇടയിൽ റാങ്ക് നേടുന്നവർക്ക് 20,000 രൂപ വീതവും സമ്മാനത്തുക ലഭിക്കും. ക്യാഷ് പ്രൈസുകൾക്ക് പുറമേ, മികച്ച 10 പേർക്ക് ലാപ്ടോപ്പ്, പ്രശംസാ സർട്ടിഫിക്കറ്റ്, അക്കാദമിക് നേട്ടം അംഗീകരിച്ച് മെഡൽ എന്നിവ നൽകും.
"7,84,871 പെൺകുട്ടികളും 7,26,057 ആൺകുട്ടികളും ഉൾപ്പെടെ ആകെ 15,10,928 വിദ്യാർഥികളിൽ 12,35,743 (81.79) ശതമാനം പേർ വിജയിച്ചു. അതിൽ 6,01,390 പേർ ആൺകുട്ടികളും 6,34,353 പേർ പെൺകുട്ടികളുമാണ്," ബിഎസ്ഇബി ചെയർമാൻ ആനന്ദ് കിഷോർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വർഷം ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കിയതായും അദ്ദേഹം അറിയിച്ചു
ഫല പ്രഖ്യാപനം സമയബന്ധിതമായി നടത്തുന്നത് വിദ്യാർഥികൾക്ക് തുടർ പഠനത്തിനായി നല്ല സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ സഹായിക്കുമെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരോ പരാജയപ്പെട്ടവരോ ആയ വിദ്യാർഥികൾക്ക് സൂക്ഷ്മ പരിശോധനയ്ക്കും സേ പരീക്ഷകൾക്കും ഏപ്രിൽ 1 മുതൽ ഏപ്രിൽ 7 വരെ അപേക്ഷിക്കാം. മെയ് മാസത്തിൽ ഫലം പ്രസിദ്ധീകരിക്കാൻ കഴിയുന്ന തരത്തിൽ സേ പരീക്ഷകൾ ഉടൻ നടത്തും. വിദ്യാർഥികൾക്ക് ഒരു അധ്യയന വർഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ബിഎസ്ഇബി ചെയർമാൻ കൂട്ടിച്ചേർത്തു.