ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്നവംബര്‍ ആറിനും 11നും: വോട്ടെണ്ണല്‍ 14ന്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. നവംബര്‍ ആറിനും 11നും. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.ആദ്യഘട്ടത്തില്‍ 121 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തില്‍ 122 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക ഈ മാസം പതിനേഴ് വരെ സമര്‍പ്പിക്കാം. രണ്ടാം ഘട്ടത്തിലേക്കുള്ളത് 20 വരെയും.
ഡല്‍ഹിയിലെ വിജ്ജാന്‍ ഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു തെരഞ്ഞെടുപ്പെങ്കില്‍ ഇത്തവണ ഒറ്റ ഘട്ടമായി നടത്തണമെന്നായിരുന്നു എന്‍ഡിഎയുടെ നിര്‍ദ്ദേശം. രണ്ട് ഘട്ടം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ദീപാവലിക്ക് ശേഷം നടക്കുന്ന ഛാഠ് പൂജ കൂടി കഴിഞ്ഞ് തെരഞ്ഞെടുപ്പ് മതിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനോടാവശ്യപ്പെട്ടിരുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടന സ്ഥാപനമാണെന്നും വോട്ടർപട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തലും കമ്മീഷന്‍റെ കടമയാണ്. എസ്ഐആറിലൂടെ വോട്ടര്‍ പട്ടിക നവീകരിച്ചിരിച്ചു. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അന്തിമ പട്ടിക ലഭ്യമാക്കി. എല്ലാ രാഷ്ട്രീയപാർട്ടികളെയും നേരിട്ട് കണ്ടു. ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി. ബിഹാർ തെരഞ്ഞെടുപ്പ് ഇക്കുറി കൂടുതൽ ലളിതമാക്കും. പരാതികളില്ലാതെ നടത്തും എന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആരംഭിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്‍മാര്‍ 3.92 കോടിയാണ്. സ്‌ത്രീകള്‍ 3.50 കോടി വോട്ടര്‍മാരുമാണ് ഉള്ളത്. കനത്ത സുരക്ഷ ഒരുക്കും. കേന്ദ്ര സേനയെ വിന്യസിക്കും. ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.90712 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. പോളിങ് സ്റ്റേഷനുകള്‍ താഴത്തെ നിലയിലാകും സജ്ജീകരിക്കുക. വീല്‍ ചെയര്‍ സൗകര്യമുണ്ടാകും. എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിങ് ഉണ്ടാകും.ഒരു ബൂത്തില്‍ 1200 വോട്ടര്‍മാര്‍ എന്ന നിലയിലാകും സജ്ജീകരിക്കുക. പോളിങ് സ്റ്റേഷനുകളില്‍ മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. സ്റ്റേഷന് പുറത്ത് ഫോണ്‍ സൂക്ഷിക്കാന്‍ സൗകര്യം ഒരുക്കും. സ്ഥാനാര്‍ത്ഥികളുടെ കളര്‍ ഫോട്ടോകള്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ഉണ്ടാകും.
പോളിങ് സ്റ്റേഷന് നൂറ് മീറ്റര്‍ അകലെയായി ആകും രാഷ്‌ട്രീയ കക്ഷികളുടെ ഓഫീസുകള്‍ സജ്ജമാക്കുക. ഓരോ മണ്ഡലത്തിലും ഓരോ നിരീക്ഷകരെ എന്നതോതില്‍ വിന്യസിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരീക്ഷകര്‍ കമ്മീഷന്‍റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കും. സാങ്കേതികതയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കും.വ്യാജ വാര്‍ത്ത തടയാന്‍ ജില്ലാതലത്തില്‍ പരിശീലനം സിദ്ധിച്ച സംഘങ്ങളെ നിയോഗിക്കും. അക്രമങ്ങള്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയുണ്ടാകും.22 വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അവകാശപ്പെട്ടു. പതിനാല് ലക്ഷം പുതിയ വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക.