ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ ജെഡിയു (ജനതാദൾ യുണൈറ്റഡ്) ലേക്ക്. ഹോളി ദിനത്തിലാണ് നിഷാന്ത് കുമാറിൻ്റെ ഔദ്യേഗിക രാഷ്‌ട്രീയ പ്രവേശനം. ബിഹാർ രാഷ്ട്രീയത്തിലെ പുതു അധ്യായത്തെ പാർട്ടി പ്രവർത്തകർ സ്വാഗതം ചെയ്‌തു. പാർട്ടി പ്രവർത്തകരുടെയും ബിഹാറിലെ ജനങ്ങളുടെയും ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കമെന്ന് നിഷാന്ത് കുമാർ പറഞ്ഞു.
നിഷാന്ത് കുമാറിന് പാർട്ടിയിൽ വലിയ സ്ഥാനവും ഉത്തരവാദിത്തവും നൽകുമെന്ന് ബിഹാർ മന്ത്രി ശ്രാവൺ കുമാർ പ്രഖ്യാപിച്ചു. 'ജെഡിയുവിലേയ്‌ക്ക് എത്തുന്ന നിഷാന്ത് കുമാർ എന്ത് ഉത്തരവാദിത്തം വഹിക്കണമെന്ന് പാർട്ടി ചർച്ച ചെയ്‌ത് തീരുമാനിക്കും. എന്നാൽ ഒരു കാര്യം ഞാൻ സൂചിപ്പിക്കാം, അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമാകും പാർട്ടി നൽകാൻ പോകുന്നത്' ശ്രാവൺ കുമാർ പറഞ്ഞു.ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ ജെഡിയു ൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയാണ് ഈ പ്രഖ്യാപനമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. 'നിഷാന്ത് സജീവ രാഷ്ട്രീയത്തിൽ ഉടൻ പ്രവേശിക്കും. നിതീഷ് കുമാർ വളരെ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. മാന്യത, ലാളിത്യം എന്നിവ പ്രതിഫലിപ്പിക്കുന്ന വിദ്യാസമ്പന്നനായ ഒരു എഞ്ചിനീയറുമാണ് അദ്ദേഹം' അശോക് ചൗധരി വിശേഷിപ്പിച്ചു.
ഈ തീരുമാനം പാർട്ടിയുടേതാണ്. നിതീഷ് കുമാറിന് തീരുമാനവുമായി വ്യക്തിപരമായ യാതൊരു ബന്ധവുമില്ല. പാർട്ടി പ്രവർത്തകർ വളരെക്കാലമായി ഇത് ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ഡിസംബറിൽ നിഷാന്ത് കുമാറിൻ്റെ സാന്നിധ്യത്തിൽ ജെഡിയു വർക്കിംഗ് പ്രസിഡൻ്റ് സഞ്ജയ് ഝായും മറ്റ് പാർട്ടി അംഗങ്ങളും അദ്ദേഹം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു.
'പാർട്ടി ജനങ്ങളും, പാർട്ടിയുടെ അഭ്യുദയകാംക്ഷികളും, പാർട്ടി പിന്തുണക്കാരും നിഷാന്ത് ജി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത് വളരെക്കാലമായുള്ള ഞങ്ങളുടെ ആഗ്രഹമാണ്. ഇനി തീരുമാനം അദ്ദേഹത്തിൻ്റേയാണ്' ജെഡിയു നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മകൻ്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള നിതീഷ് കുമാറിൻ്റെ ആഹ്വാനത്തെ പാർട്ടി ബഹുമാനിക്കുന്നുവെന്ന് സഞ്ജയ് ഝാ പറഞ്ഞു.
'ഇത് നിതീഷ് കുമാർ രൂപീകരിച്ച പാർട്ടിയാണ്. പാർട്ടിയുടെ ഭാവി മുന്നിൽ കണ്ടുകൊണ്ട് മാത്രമെ അദ്ദേഹം പ്രവർത്തിക്കൂവെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഈ വിഷയത്തിൽ അദ്ദേഹം എന്ത് പ്രഖ്യാപനങ്ങൾ ആഹ്വാനം ചെയ്‌താലും ഞങ്ങൾ അത് സ്വീകരിക്കും' സഞ്ജയ് ഝാ മാധ്യമങ്ങളോട് പറഞ്ഞു.