നിയമസഭാതെരഞ്ഞെടുപ്പ് : ബീഹാർ ഉപമുഖ്യമന്തിയുടെ വാഹനവ്യൂഹത്തിന് നേരെ ചാണകമേറ്
പട്‌ന: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിഹാറിലെ മുസാഫർപൂരിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ എൻഡിഎ അധികാരത്തിൽ വന്നാൽ ബീഹാറിൽ ബുൾഡോസർ നീതിയുടെ "യുപി മോഡൽ" നടപ്പിലാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു .
ഇന്ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിനിടെ, ഖോരിയാരി ഗ്രാമം സന്ദർശിക്കുന്നതിനിടെ തന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച രാഷ്ട്രീയ ജനതാദൾ (ആർജെഡി) "ഗുണ്ടകൾ"ക്കെതിരെ ബുൾഡോസർ നീതി പ്രയോഗിക്കുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ലഖിസാരായിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ വിജയ് കുമാർ സിൻഹയും ആവർത്തിച്ചു.
പോളിങ് സ്റ്റേഷനുകൾ പരിശോധിക്കാൻ സിൻഹ തൻ്റെ മണ്ഡലമായ ഖോറിയാരിയിൽ എത്തിയപ്പോഴാണ് വാഹനം വളഞ്ഞ ജനക്കൂട്ടം സിൻഹയുടെ കാറിന് നേരെ ചെരിപ്പുകളും കല്ലുകളും ചാണകവും എറിഞ്ഞത് .സംഭവത്തിന് പിന്നിൽ 'ആർജെഡി ഗുണ്ടകള്‍' ആണെന്ന് വിജയ് സിൻഹ ആരോപിച്ചു. വിജയ് സിൻഹക്കെതിരെ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധക്കാർ ഓടിയടുത്തതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വലിയൊരു പൊലീസ് സേനയെ വിന്യസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ, ഏകദേശം 50-60 ആർജെഡി അനുയായികൾ 404, 405 എന്നീ ബൂത്തുകൾക്ക് ചുറ്റും തടിച്ചുകൂടുക ആയിരുന്നുവെന്നാണ് വിവരം. "ഇവർ ആർജെഡി ഗുണ്ടകളാണ്. എൻഡിഎ അധികാരത്തിൽ വരുന്നതിനാലാണ് അവർ ഗുണ്ടായിസം നടത്തുന്നത്. അവർ ബൂത്തുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്." എന്ന് സിൻഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്കുകൾ പ്രകാരം, നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ബിഹാറിൽ 53.77 ശതമാനം പോളിങ് രേഖപ്പെടുത്തി. ബെഗുസാരായ് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് - 59.82 ശതമാനം, അതേസമയം തലസ്ഥാനമായ പട്‌നയിൽ വൈകിട്ട് 3 മണി വരെ 48.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ 9 മണിക്ക് മന്ദഗതിയിലുള്ള പോളിംഗ് രേഖപ്പെടുത്തിയ ലഖിസാരായ് മണ്ഡലത്തിൽ ള്ളഈ സമയം കൊണ്ട് 57.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഗോപാൽഗഞ്ച് ജില്ലയിൽ 58.17 ശതമാനം, ബക്സറിൽ 51.69 ശതമാനം, ഭോജ്പൂരിൽ 50.07 ശതമാനം, ദർഭംഗയിൽ 51.75 ശതമാനം, ഖഗാരിയയിൽ 54.77 ശതമാനം, മധേപുരയിൽ 55.96 ശതമാനം, മുൻഗറിൽ 52.17 ശതമാനം, മുസാഫർപൂരിൽ 58.40 ശതമാനം, നളന്ദയിൽ 52.32 ശതമാനം, സഹർസയിൽ 55.22 ശതമാനം, സമസ്തിപൂരിൽ 56.35 ശതമാനം, സരനിൽ 54.65 ശതമാനം, ഷെയ്ഖ്പുരയിൽ 49.37 ശതമാനം, സിവാനിൽ 50.93 ശതമാനം, വൈശാലിയിൽ 53.63 ശതമാനം എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.
ആദ്യ ഘട്ടത്തിൽ 1,314 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത് 3.75 കോടി വോട്ടർമാരാണ്. നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഉള്‍പ്പെട്ട എൻഡിഎയും തേജസ്വി യാദവിൻ്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മിലാണ് പോരാട്ടം.
ആകെയുള്ള 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് , സഹോദരൻ തേജ് പ്രതാപ് യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, അനന്ത് സിങ് എന്നിവർ ഇന്ന് മത്സരരംഗത്തുണ്ട്. സർക്കാരിലെ 16 മന്ത്രിമാരുടെ രാഷ്‌ട്രീയ ഭാവിയും ഈ ഘട്ടത്തിൽ തീരുമാനിക്കും. 3.75 കോടി വോട്ടർമാർക്കായി 45,341 പോളിങ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ട്, അതിൽ 10.72 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. എസ്‌ഐആർ പ്രകാരം ഏകദേശം മൂന്ന് കോടി ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം, പോളിങ് സ്‌റ്റേഷനുകളെല്ലാം തത്സമയ നിരീക്ഷണത്തിനായി വെബ്‌കാസ്റ്റിങ് നടത്തുന്നു. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ 121 ജനറൽ നിരീക്ഷകരെയും 18 പൊലീസ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്. പട്‌നയിലെ ചീഫ് ഇലക്‌റൽ ഓഫിസിൽ ഒരു പ്രത്യേക കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്, അവിടെ വോട്ടർമാർക്ക് ഹെൽപ്പ് ലൈനുകളിലൂടെയും ഇമെയിൽ വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം. പൊലീസിനെയും കേന്ദ്ര സായുധ അർദ്ധസൈനിക സേനയെയും വിന്യസിച്ചുകൊണ്ട് എല്ലാ പോളിങ് സ്റ്റേഷനുകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 926 ബൂത്തുകളും ദിവ്യാംഗ് (വികലാംഗർ) നിയന്ത്രിക്കുന്ന 107 ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, വോട്ടർമാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി 320 മോഡൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് പോളിങ് നടക്കുന്ന പ്രധാന ജില്ലകളിൽ പട്‌ന, വൈശാലി, നളന്ദ, ഭോജ്‌പൂർ, മുൻഗർ, സരൺ, സിവാൻ, ഗോപാൽഗഞ്ച്, മുസാഫർപൂർ എന്നിവ ഉൾപ്പെടുന്നു.
മോദി പ്രഭാവം, വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു എൻഡിഎയുടെ പ്രചാരണം. തൊഴിലവസരങ്ങൾ, സ്‌ത്രീകൾക്ക് മുപ്പതിനായിരം രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി ഉള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ നല്‍കിയായിരുന്നു ഇന്ത്യാ സഖ്യം പ്രചാരണം നയിച്ചത്. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ഇനി രണ്ടാം ഘട്ടം 2025 നവംബർ 11 ന് നടക്കും, 243 സീറ്റുകളിലെയും വോട്ടെണ്ണൽ 2025 നവംബർ 14 ന് നടക്കും.