ബിഹാര്‍ നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 3.75 കോടി ജനങ്ങള്‍

ബിഹാര്‍ നിയമസഭ വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 3.75 കോടി ജനങ്ങള്‍

പാറ്റ്‌ന: 2025 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലെ  121  മണ്ഡലങ്ങളിലേയ്ക്കുള്ള  വോട്ടെടുപ്പ് ആരംഭിച്ചു . ഭാരതീയ ജനതാ പാർട്ടിയും ജനതാദൾ (യുണൈറ്റഡ്) നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും, രാഷ്ട്രീയ ജനതാദളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന മഹാഗട്ബന്ധനും (അല്ലെങ്കിൽ ഗ്രാൻഡ് അലയൻസും), പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും തമ്മിലുള്ള നിർണായക ത്രികോണ മത്സരമാണ് നടക്കുന്നത് .18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് രാവിലെ 7 മണിയോടെയാണ്  വോട്ടെടുപ്പ് ആരംഭിച്ചത് .

ആദ്യ ഘട്ടത്തിൽ 1,314 സ്ഥാനാർഥികളുടെ വിധി നിർണയിക്കുന്നത് 3.75 കോടി വോട്ടർമാരാണ്. നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഉള്‍പ്പെട്ട എൻഡിഎയും തേജസ്വി യാദവിൻ്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അടങ്ങുന്ന ഇന്ത്യാ സഖ്യവും വാരിക്കോരി നൽകിയ വാഗ്ദാനങ്ങളിൽ ജനങ്ങളെങ്ങനെ പ്രതികരിച്ചു,പ്രതീക്ഷ അർപ്പിച്ചുഎന്നറിയാൻ നവം:14വരെ കാത്തുനിൽക്കണം . 

ആകെയുള്ള 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. തേജസ്വി യാദവ് , സഹോദരൻ തേജ് പ്രതാപ് യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ, അനന്ത് സിങ് എന്നിവർ ഇന്ന് മത്സരരംഗത്തുണ്ട്. സർക്കാരിലെ 16 മന്ത്രിമാരുടെ രാഷ്‌ട്രീയ ഭാവിയും ഈ ഘട്ടത്തിൽ തീരുമാനിക്കും. 3.75 കോടി വോട്ടർമാർക്കായി 45,341 പോളിങ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ട്, അതിൽ 10.72 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. എസ്‌ഐ‌ആർ പ്രകാരം ഏകദേശം മൂന്ന് കോടി ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം, പോളിങ് സ്‌റ്റേഷനുകളെല്ലാം തത്സമയ നിരീക്ഷണത്തിനായി വെബ്‌കാസ്റ്റിങ് നടത്തുന്നു. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ 121 ജനറൽ നിരീക്ഷകരെയും 18 പൊലീസ് നിരീക്ഷകരെയും വിന്യസിച്ചിട്ടുണ്ട്. പട്‌നയിലെ ചീഫ് ഇലക്‌റൽ ഓഫിസിൽ ഒരു പ്രത്യേക കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്, അവിടെ വോട്ടർമാർക്ക് ഹെൽപ്പ് ലൈനുകളിലൂടെയും ഇമെയിൽ വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം. പൊലീസിനെയും കേന്ദ്ര സായുധ അർദ്ധസൈനിക സേനയെയും വിന്യസിച്ചുകൊണ്ട് എല്ലാ പോളിങ് സ്റ്റേഷനുകളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 926 ബൂത്തുകളും ദിവ്യാംഗ് (വികലാംഗർ) നിയന്ത്രിക്കുന്ന 107 ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, വോട്ടർമാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി 320 മോഡൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് പോളിങ് നടക്കുന്ന പ്രധാന ജില്ലകളിൽ പട്‌ന, വൈശാലി, നളന്ദ, ഭോജ്‌പൂർ, മുൻഗർ, സരൺ, സിവാൻ, ഗോപാൽഗഞ്ച്, മുസാഫർപൂർ എന്നിവ ഉൾപ്പെടുന്നു.

മോദി പ്രഭാവം, വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു എൻഡിഎയുടെ പ്രചാരണം. തൊഴിലവസരങ്ങൾ, സ്‌ത്രീകൾക്ക് മുപ്പതിനായിരം രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി ഉള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ നല്‍കിയായിരുന്നു ഇന്ത്യാ സഖ്യം പ്രചാരണം നയിച്ചത്. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ഇനി രണ്ടാം ഘട്ടം 2025 നവംബർ 11 ന് നടക്കും, 243 സീറ്റുകളിലെയും വോട്ടെണ്ണൽ 2025 നവംബർ 14 ന് നടക്കും.