ബീഹാർ തെരഞ്ഞെടുപ്പ് :മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി: തർക്കം തീരാതെ മഹാസഖ്യം

ബീഹാർ തെരഞ്ഞെടുപ്പ് :മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപി:  തർക്കം തീരാതെ  മഹാസഖ്യം

പട്‌ന: ഒന്നാംഘട്ട പോളിങിനുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ ദേശീയ ജനാധിപത്യ സഖ്യത്തിലെ ധാരണ പ്രകാരം തങ്ങള്‍ക്ക് ലഭിച്ച മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പതിനെട്ട് പേരുടെ കൂടി പട്ടിക  ബിജെപി പുറത്ത് വിട്ടു.എന്നാല്‍ മഹാസഖ്യത്തിന് ഇനിയും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്താനായിട്ടില്ല.മഹാസഖ്യത്തിലെ സീറ്റു ധാരണയിലെ തർക്കം കൈയ്യാങ്കളിയിൽ വരെ  എത്തിനിൽക്കുകയാണ് .ഇതിനിടെ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആരംഭിച്ചിട്ടുണ്ട്.കോണ്‍ഗ്രസിന്‍റെ ബിഹാര്‍ അധ്യക്ഷന്‍ രാജേഷ് റാം കുടുമ്പ നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് പാര്‍ട്ടിയുടെ എക്‌സ് ഹാന്‍ഡിലൂടെ അറിയിച്ചു. സഖ്യത്തിന്‍റെ ഔദ്യോഗിക പട്ടിക പുറത്ത് വിടും മുമ്പാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയില്‍ നിന്ന് മത്സരിക്കുന്ന മറ്റ് ചിലരുടെ ചിത്രങ്ങളും ഇവര്‍ പങ്ക് വച്ചിട്ടുണ്ട്.രണ്ടാം ഘട്ടത്തിന് ഈ മാസം 20 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്.

നേരത്തെ പന്ത്രണ്ട് പേരുടെ പട്ടിക ബിജെപി പുറത്ത് വിട്ടിരുന്നു. ഇതില്‍ ഗായിക മൈഥിലി ഠാക്കൂര്‍ അടക്കമുള്ളവരുടെ പേര് പ്രഖ്യാപിച്ചിരുന്നു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആനന്ദ് മിശ്ര ബക്‌സര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.ചൊവ്വാഴ്‌ച ബിജെപി 71 പേരുടെ പട്ടിക പുറത്ത് വിട്ടിരുന്നു. മൂന്നാം പട്ടിക പ്രകാരം കൊച്ചധാമന്‍ സീറ്റില്‍ ബിന ദേവി ജനവിധി തേടും. മൊഹാനിയയില്‍ നിന്ന് സംഗീത കുമാരിയും മത്സരിക്കും. പട്ടിക ജാതി സംവരണ മണ്ഡലമാണിത്.നര്‍കാതിയ ഗഞ്ജ് സീറ്റില്‍ നിന്ന് സഞ്ജയ് പാണ്ഡെ മത്സരിക്കും. രാഘവ് പൂരില്‍ നിന്ന് സതീഷ് കുമാര്‍ യാദവും ഭാബുവയില്‍ നിന്ന് ഭാരത് ബിന്ദും ജനവിധി തേടും. മുരാരി പാസ്വാന്‍ പിര്‍പെയ്‌ന്തിയില്‍ നിന്ന് മത്സരിക്കും. ഇതും പട്ടിക ജാതി സംവരണ മണ്ഡലമാണ്. രാംഗഡ്‌ മണ്ഡലത്തില്‍ നിന്ന് അശോക് കുമാര്‍ സിങ് മത്സരിക്കും.ഇതോടെ 101 മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയും ജെഡിയുവും 101 മണ്ഡലങ്ങളില്‍ വീതമാണ് മത്സരിക്കുന്നതെന്ന് ബിജെപി ബിഹാര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക്‌ജന ശക്തി പാര്‍്ടടി 29 സീറ്റില്‍ ജനവിധി തേടുന്നുണ്ട്.

അതേസമയം ആര്‍ജെഡി അടക്കമുള്ള സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ ഇനിയും ധാരണയിലെത്താനായിട്ടില്ലെന്നാണ് വിവരം. അതിനിടെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞ ദിവസം രാഘവ്പൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.തനിക്ക് കുടുംബ  സീറ്റ് നല്‍കിയതില്‍ രാജേഷ് റാം കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ചു. സംസ്ഥാന നേതാക്കള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തിട്ടുണ്ട്. വസിര്‍ഗഞ്ച് സീറ്റില്‍ നിന്ന് ശശി ശേഖര്‍ സിങ് ജനവിധി തേടും. ഛോട്ടെ മുഖ്യ എന്നറിയിപ്പെടുന്ന കൗശലേന്ദ്ര കുമാര്‍ നളന്ദ സീറ്റില്‍ നിന്ന് ജനവിധി തേടും.ബാര്‍ബീഘ സീറ്റില്‍ നിന്ന് തൃശൂല്‍ധരി സിങിനെയാണ് പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ളത്. രാജപാക്കാഡ് മണ്ഡലത്തില്‍ നിന്ന് പ്രതിമ ദാസ് ജനവിധി തേടും. ശശിഭൂഷണ്‍ റായ് എന്ന ഗപ്പു റായി ഗോവിന്ദ് ഗഞ്ജ് മണ്ഡലത്തില്‍ മത്സരിക്കും. മുസാഫര്‍പൂര്‍ സീറ്റില്‍ വിജേന്ദ്ര ചൗധരിയാണ് മത്സരിക്കുക.ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ ഓംപ്രകാശ് ഗാര്‍ഗാണ് മത്സരിക്കുക. ജിതേന്ദ്ര സിങ് അമര്‍പൂരില്‍ നിന്നും ജനവിധി തേടും. ബെഗുസരായ് സീറ്റില്‍ അമൃത ഭൂഷണ്‍ ആണ് മത്സരിക്കുക. ലാലന്‍ കുമാര്‍ സുല്‍ത്താന്‍ ഗഞ്ച് സീറ്റില്‍ ജനവിധി തേടും. റോസ്‌ദ നിയമസഭ മണ്ഡലത്തില്‍ ബി കെ രവിയെ ആണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത്.ബിഹാറിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രകാശ് ഗരിബ് ദാസ് ബഛ്‌വാഡ സീറ്റില്‍ നിന്ന് ജനവിധി തേടും. ആനന്ദ് ശേഖര്‍ സിങ് ഔറംഗാബാദ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.

നവംബര്‍ ആറ്, പതിനൊന്ന് തീയതികളിലാണ് ബിഹാറില്‍ പോളിങ്. നവംബര്‍ പതിനാലിന് ഫലമറിയാം.