ബീഹാർനിയമസഭാ തെരഞ്ഞെടുപ്പ് നാളെ : ഇന്ന് സ്ഥാനാർത്ഥി കാലുമാറി

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പിന് തലേന്ന് സ്ഥാനാർത്ഥി കാലുമാറി. ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നത്. മുൻഗർ നിയമസഭാ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയായ സഞ്ജയ് സിങ്ങാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിലെ മത്സരം എൻഡിഎയും കോൺഗ്രസ് – ആർജെഡി സഖ്യവും തമ്മിലായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ബിഹാർ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് താൻ വിശ്വസിക്കുന്നതായി ബിജെപിയിൽ ചേർന്ന ശേഷം സഞ്ജയ് സിങ് പറഞ്ഞു. ജൻ സുരാജ് പാർട്ടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പുതിയ പാർട്ടിയുടെ ആശയം നല്ലതാണെന്നും പൊതുജനങ്ങൾക്കിടയിൽ പ്രതിധ്വനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യഥാർഥ മാറ്റം കൊണ്ടുവരാൻ, ഉറച്ചതും ശക്തവുമായ നേതൃത്വം ആവശ്യമാണ്. ജൻ സുരാജിന് അതിനു കഴിയില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.