അവിഹിതമായി ഒരു ചില്ലിക്കാശ് സിപിഐ വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞാൽ ആ പണം തിരികെ നൽകുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: ഇന്നും സിപിഐക്കെതിരെ ആരോപണവുമായി വന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേ നാണയത്തിൽ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.അഴിമതിയുടെ പേരിലോ അവിഹിതമായോ ഒരു ചില്ലിക്കാശ് സിപിഐ വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞാൽ ആ പണം തിരികെ നൽകുമെന്ന് ബിനോയ് വിശ്വം പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽവച്ച് മാധ്യമങ്ങളോടു പറഞ്ഞു. തെറ്റായ വഴിയിൽ സിപിഐ ഒറ്റപ്പൈസപോലും ആരിലുംനിന്ന് വാങ്ങിയിട്ടില്ല, വാങ്ങുകയുമില്ല. വെള്ളാപ്പള്ളി വലിയൊരു വ്യവസായി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കാലത്തും പാർട്ടി സമ്മേളനങ്ങൾക്കും പണം പിരിച്ചുകാണും. അല്ലാതെ കൈക്കൂലിയായിട്ടോ അവിഹിതമായിട്ടോ ഒരു പൈസപോലും സിപിഐ വാങ്ങിയിട്ടില്ല. ആ പതിവ് സിപിഐക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിനില്ല. അത് അദ്ദേഹത്തിനു വിടുന്നു. ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്ന പിണറായി വിജയൻ്റെ കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിലെ പ്രസ്താവന വളരെ ശരിയാണ്. ബിനോയ് വിശ്വവും പിണറായി വിജയനും രണ്ടുപേരാണ്, രണ്ടു നിലപാടാണ്, രണ്ടു കാഴ്ചപ്പാടാണ്. തൻ്റെ നിലപാട് താൻ പറയും. അദ്ദേഹത്തിൻ്റെ നിലപാടും കാഴ്ചപ്പാടും പിണറായി വിജയൻ പറയും. ജനങ്ങൾക്കെല്ലാവരെയും അറിയാം. വെള്ളാപ്പള്ളിയെയും അറിയാം കമ്യൂണിസ്റ്റ് പാർട്ടിയെയും അറിയാം. തങ്ങൾക്കോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ വെള്ളാപ്പള്ളിയെ തങ്ങളാരും ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും അദ്ദേഹത്തിന്റെ ഉപദേശം ആരും കാത്തിരിക്കുന്നില്ല.
മാധ്യമപ്രവർത്തകനെ തീവ്രവാദി എന്നുവിളിച്ച പരാമർശത്തിലൂടെ ഒരാൾ വലുതാകുന്നോ ചെറുതാകുന്നോ എന്ന് എല്ലാവർക്കും ഊഹിക്കാനാകും. അത് മനസിലാക്കാനുള്ള കെൽപ്പ് വെള്ളാപ്പള്ളിക്കും ബന്ധപ്പെട്ടവർക്കും ഉണ്ടാകട്ടെ എന്നാണ് പറയാനുള്ളത്. എസ്എൻഡിപി ഒരു മഹാപ്രസ്ഥാനമാണ്. കേരളത്തിൻ്റെ നവോത്ഥാന യാത്രയിലെ ഏറ്റവും തെളിച്ചമുള്ള പേരാണ് ശ്രീനാരായണ ഗുരുവിൻ്റേത്. അദ്ദേഹത്തിൻ്റെ പേരുമായി ബന്ധപ്പെട്ട ഒരു പ്രസ്ഥാനത്തെ സിപിഐ ബഹുമാനിക്കും. ഒരുപാട് മഹാന്മാർ ഇരുന്ന കസേരയാണതെന്ന് ആ കസേരയിലിരിക്കുന്നവർക്ക് ഓർമ വേണം. വെള്ളാപ്പള്ളി കൂടുതൽ പറയുമ്പോൾ ബാക്കി പറയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ശിവഗിരി തീർഥാടന സമ്മേളനത്തിനെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോടു സംസാരിക്കവേയാണ് സിപിഐയുമായി പരസ്യപ്പോരിന് തുടക്കമിട്ടത്. സിപിഐ 'ചതിയൻ ചന്തു'മാരാണെന്നും എല്ലാം നേടിയെടുത്തശേഷം ഇപ്പോൾ തള്ളിപ്പറയുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. വിമർശനം ഉന്നയിക്കേണ്ടത് പാർട്ടിക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചതിയൻ ചന്തുവിൻ്റെ തൊപ്പി ആയിരംവട്ടം ഇണങ്ങുന്നത് വെള്ളാപ്പള്ളിക്കാണെന്ന് തിരിച്ചടിച്ചു. അതിനുപിന്നാലെ ഇന്ന് പുറത്തിറങ്ങിയ എസ്എൻഡിപി മുഖപത്രം യോഗനാദത്തിൽ വീണ്ടും സിപിഐക്കെതിരെ വെള്ളാപ്പള്ളി വിമർശം ആവർത്തിക്കുകയും കണിച്ചുകുളങ്ങരയിൽ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ തന്നിൽനിന്ന് പണം പറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.