ബിജെപി അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണെന്ന് ഡികെ ശിവകുമാർ

 ബിജെപി അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു: ബിജെപി അതിന്‍റെ അവസാന ദിവസങ്ങളിലേക്ക് അടുക്കുകയാണെന്നും  അണയാന്‍ നേരത്തെ ആളിക്കത്തലാണ് ബിജെപിയുടേതെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍.കര്‍ണാടകയില്‍ 'എംജിഎന്‍ആര്‍ഇജിഎ ബച്ചാവോ 'കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഡികെ ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്.മഹാത്മാഗാന്ധിയുടെ ലെഗസി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബിജെപി അതിന്‍റെ അന്ത്യത്തിലേക്കാണ് പോകുന്നത്. രാഷ്‌ട്രത്തെ രക്ഷിക്കാനാണ് ഞങ്ങൾ ഈ പരിപാടി സംഘടിപ്പിക്കുന്നത്. കോൺഗ്രസ് പാർട്ടി എംജിഎൻആർഇജിഎ പദ്ധതിയിലൂടെ ഗ്രാമീണ ജനതയ്ക്ക് തൊഴിലുറപ്പ് നൽകിയിരുന്നു. കേന്ദ്രം പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. എംജിഎൻആർഇജിഎയെ രക്ഷിക്കുകയും ഗാന്ധിജിയുടെ പാരമ്പര്യം സംരക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഏതൊക്കെ ജോലികൾ ഏറ്റെടുക്കണമെന്ന് തീരുമാനിക്കാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ടായിരുന്നു. 5900 പഞ്ചായത്തുകളിൽ ഓരോന്നിനും 1-2 കോടി രൂപയുടെ ജോലികൾ ഈ പദ്ധതി ഉറപ്പാക്കി. എംജിഎൻആർഇജിഎയെ രക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും ആത്മവിശ്വാസം നൽകുന്ന ഒരു പദ്ധതിയാണ് എംജിഎൻആർഇജിഎ അതുകൊണ്ട് അത് സംരക്ഷിക്കേണ്ടതുണ്ട്. പഞ്ചായത്ത് ഓഫിസുകൾക്ക് മഹാത്മാവിന്‍റെ പേര് നൽകാൻ ഞങ്ങളുടെ പാർട്ടിയും സർക്കാരും തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പുതിയ പദ്ധതി പ്രകാരം ചെലവിന്‍റെ 40% സംസ്ഥാനങ്ങൾ വഹിക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പോലും ഇത് നടപ്പിലാക്കാൻ കഴിയില്ല. പുതിയ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് ചന്ദ്രബാബു നായിഡുവും പറഞ്ഞിട്ടുണ്ട്. ഈ പുതിയ പദ്ധതി എല്ലാ സംസ്ഥാനങ്ങൾക്കും ഒരു മരണമണിയാണെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.ബിജെപിയും പ്രധാനമന്ത്രി മോദിയും ഇത്തരം പദ്ധതികളെ വിമർശിച്ചിരുന്നു പക്ഷേ പിന്നീട് അവരത് തന്നെ ചെയ്യേണ്ടിവന്നു. വോട്ടര്‍മാരുടെ അവകാശം ഇല്ലാതാക്കുന്നത് പോലെ അവര്‍ തൊഴില്‍ അവകാശങ്ങളും കവരുകയാണ്. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പുനഃസ്ഥാപിക്കുന്നതുവരെ ഞങ്ങൾ പോരാടും. ഇതിന് തങ്ങള്‍ക്ക് ജനപിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.