"കേരളത്തെ വർഗ്ഗീയവത്കരിക്കാൻ ശ്രമിക്കുന്ന,ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തനിമയെ തകർക്കും "

കണ്ണൂർ: ശബരിമലയെ  വർഗ്ഗീയവത്കരിക്കാൻ ശ്രമിക്കുന്ന,ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തനിമയെ തകർക്കാൻ ഉപകരിക്കുമെന്ന് പിണറായി വിജയൻ . വർഗ്ഗീയവത്കരിക്കാൻ ശ്രമിക്കുന്നതിൻ്റെ  ഭാഗമായാണ്   വാവർ മുസ്ലീമല്ലെന്ന് പറയുന്നത് . ഇതിനായി സംഘപരിവാർ ഓരോ വ്യാഖ്യാനങ്ങൾ പടച്ചുവിടുകയാണെന്നും  പിണറായി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ വാവർക്കും സ്ഥാനമുണ്ട്. കേരളത്തിൻ്റെ മതേതര കേന്ദ്രമാണത്. ഓണാഘോഷത്തിൻ്റെ ഭാഗമായി മഹാബലിയേപ്പോലും അവർ ഇകഴ്ത്തിക്കാട്ടുന്നു. ബിജെപിയുമായി കൈ കോർത്താൽ നമ്മുടെ സമൂഹത്തിലുള്ളവർക്ക് ഇഷ്ട വസ്ത്രം ധരിക്കാനോ ഇഷ്ട ഭക്ഷണം കഴിക്കാനോ അവരവരുടെ വിശ്വാസം പുലർത്താനോ കഴിയില്ലെന്നും പിണറായി വിജയൻ  പറഞ്ഞു. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകർക്കാനാണ് ഉപകരിക്കപ്പെടുകയെന്നും അദ്ദേഹംകൂട്ടിചേർത്തു. സിപിഎം പുതിയതായി നിർമിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം ചടങ്ങിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. 

കേരളത്തിൽ സർവതല സ്പർശിയായ വികസനം കൊണ്ടുവരാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. ജനുവരിൽ ദേശീയപാത ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നു കേന്ദ്രമന്ത്രി ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന ചർച്ചയിൽ അറിയിച്ചിട്ടുണ്ട്. അതിദരിദ്രരില്ലാത്ത ഒരു സംസ്ഥാനമായി കേരളം മാറാൻ പോവുകയാണ്. വികസനത്തിൻ്റെ സ്വാദറിയാത്ത ഒരു ജന വിഭാഗവും കേരളത്തിലില്ല- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പരിപാടിയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അദ്ധ്യക്ഷനായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പികെ ശ്രീമതി, കെകെ ശൈലജ, ഇപി ജയരാജൻ സംസാരിച്ചു. എകെജിയുടെ മകൾ ലൈല, കോടിയേരിയുടെ സഹധർമ്മിണി വിനോദിനി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി, കഥാകൃത്ത് ടി പത്മനാഭൻ, കണ്ണൂർ അതിരൂപതാ ബിഷപ്പ് അലക്സ് വടക്കുന്തല, ഡോ. ടി ശിവദാസൻ എംപി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എംവി ജയരാജൻ, കൊല്ലപ്പെട്ട  ധീരജിൻ്റെ പിതാവ് രാജേന്ദ്രൻ, എൻ അബ്ദുല്ലയുടെ കുടുംബാംഗങ്ങൾ, രക്തസാക്ഷി കുടുംബാംഗങ്ങൾ പങ്കെടുത്തു.

1957ൽ അഴീക്കോടൻ രാഘവൻ്റെ  തന്നെ മുൻകൈയിലാണ് കണ്ണൂർ പട്ടണത്തിലെ സ്വദേശി ബിൽഡിംഗിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചിരുന്നത് . അദ്ദേഹത്തിൻ്റെ   രക്തസാക്ഷിത്വത്തിൻ്റെ ഒരു വർഷത്തിനു ശേഷം 1973-ൽ പുതിയ മന്ദിരം അദ്ദേഹത്തിൻ്റെ പേരിൽ ഉദ്ഘാടനം ചെയ്തു. ഇപ്പോൾ  പുതുതായി ഉദ്ഘാടനം ചെയ്ത  5 നിലകളുള്ള കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി. ഹാൾ, ചടയൻ ഹാൾ, കോൺഫറൻസ് ഹാൾ, ജില്ലാ കമ്മിറ്റിക്കും സെക്രട്ടറിയേറ്റ് മീറ്റിംഗിനുമുള്ള ഹാൾ, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ്സ് കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.