പള്ളികളിലും മറ്റുമുള്ള ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്‌ദം കുട്ടികളുടെ പഠനത്തിന് തടസമാകുന്നുവെന്ന് ബിജെപി എംഎൽഎ

പള്ളികളിലും മറ്റുമുള്ള ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്‌ദം കുട്ടികളുടെ പഠനത്തിന് തടസമാകുന്നുവെന്ന് ബിജെപി എംഎൽഎ

ജയ്‌പൂർ: പള്ളികളിലും മറ്റുമുള്ള ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്‌ദം കുട്ടികളുടെ പഠനത്തിന് തടസമാകുന്നുവെന്ന് രാജസ്ഥാനിലെ ബിജെപി എംഎൽഎ ബാൽമുകുന്ദാചാര്യ. നഗരത്തിലെ പള്ളികളിലുള്ള ഉച്ചഭാഷിണികളുടെ ശബ്‌ദം കുറയ്‌ക്കണമെന്നും അത് പ്രായമായവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്നും ബാൽമുകുന്ദാചാര്യ പറഞ്ഞു. രാജസ്ഥാൻ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുലർച്ചെ നാല് മണി മുതലെ പള്ളികളിൽ നിന്ന് വളരെ ഉച്ചത്തിൽ ശബ്‌ദം കേൾക്കാൻ തുടങ്ങും. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും പ്രായമായവരുടെയും രോഗികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതിരാവിലെയുള്ള ഇത്തരം ശബ്‌ദമലിനീകരണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് എംഎൽഎ ബാൽമുകുന്ദാചാര്യ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് തൊട്ടടുത്ത് താമസിക്കുന്നവരെയാണ്. ഇത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ബാൽമുകുന്ദാചാര്യ പറഞ്ഞു. കൂടാതെ ഇവ കുട്ടികളുടെ പഠനത്തെ തടസപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൗഡ്‌ സ്‌പീക്കറുകളുടെ ശബ്‌ദം കുറയ്ക്കാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടപ്പോൾ ചില വ്യക്തികൾ സംഘർഷഭരിതരാവുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്ന് എംഎൽഎ അവകാശപ്പെട്ടു.പള്ളികളിലെയും മറ്റും ലൗഡ്‌ സ്‌പീക്കറുകളുടെ ശബ്‌ദം നിയന്ത്രിക്കാനും കുറയ്ക്കാനും അതുപോലെ ശബ്‌ദ പരിധി കർശനമായി നടപ്പാക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ നടന്ന നിയമസഭ സമ്മേളനത്തിൽ സീറോ അവറിലാണ് എംഎൽഎ ബാൽമുകുന്ദാചാര്യ ഇക്കാര്യം അവതരപ്പിച്ചത്. വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ത്രിവർണ്ണ പതാക പോലെ തോന്നിക്കുന്ന തുണി ഉപയോഗിച്ച് ബാൽമുകുന്ദാചാര്യ വിയർപ്പ് തുടച്ച സംഭവം വലിയ വിവാദമായി മാറിയിരുന്നു.വീഡിയോ വൈറലായതിന് ശേഷം, മറ്റൊരാൾ വഴിയിൽ വെച്ചു തന്നതിനെ താൻ ചുംബിക്കുകയായിരുന്നെന്നും വിയർപ്പ് തുടച്ചത് വേറൊരു തുണികൊണ്ടായിരുന്നു എന്നുമായിരുന്നു എംഎൽഎ യുടെ വിശദീകരണം.