ബീഹാർ പിടിക്കാൻ എൻഡിഎ . ദീപാവലിക്ക് ശേഷം വമ്പൻ റാലികൾ ആസൂത്രണം ചെയ്‌ത് ബിജെപി

പട്‌ന: ദീപാവലിക്ക് ശേഷം ബീഹാറിൽ വമ്പൻ റാലികൾ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി . പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി, ബിജെപി ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളാണ് റാലിയ്‌ക്ക് എത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 24-ന് ബിഹാറിലേക്ക് എത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ദിലീപ് ജയ്‌സ്വാൾ അറിയിച്ചു. " ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഒക്‌ടോബര്‍ 24-ന് ആരംഭിക്കും. രണ്ട് സ്ഥലങ്ങളിലെ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. സമസ്‌തിപൂരിൽ നിന്നാണ് അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക. അവിടെ നിന്ന് അദ്ദേഹം ബെഗുസാരായിയിലേക്ക് പോയി അവിടെ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യും" - ദിലീപ് ജയ്‌സ്വാൾ പറഞ്ഞു.ഒക്ടോബർ 30- ന് മോദി വീണ്ടും സംസ്ഥാനത്ത് എത്തും. നിലവില്‍ പ്രധാനമന്ത്രിയുടെ 10 പൊതു റാലികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള സ്ഥലങ്ങൾ കണ്ടെത്തി വിശദമായ വിവരങ്ങള്‍ അദ്ദേഹത്തിൻ്റെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്നും ദിലീപ് ജയ്‌സ്വാൾ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഛാത്ത് പൂജയ്ക്കിടെ പ്രധാനമന്ത്രി ബിഹാർ സന്ദർശിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി."പ്രധാനമന്ത്രി ഛാത്ത് പൂജ സമയത്ത് വരാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ സുരക്ഷയും മറ്റും കാരണം ഛാത്ത് ഭക്തർക്ക് അദ്ദേഹം എത്തിയതിനുശേഷം പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ, ഛാത്ത് പൂജ സമയത്ത് പ്രധാനമന്ത്രിയുടെ അത്തരമൊരു പരിപാടിയില്ല" ദിലീപ് ജയ്‌സ്വാൾ വ്യക്തമാക്കി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏകദേശം 25 പൊതു റാലികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി തുടങ്ങിയ നേതാക്കളും ഏകദേശം അത്രയും റാലികൾ നടത്തും. ഇതിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.