ഹൈക്കോടതി ഉത്തരവ് പൊലീസ് നടപ്പാക്കിയില്ല: തിരുപ്പരങ്കുണ്‍ട്രത്തിൽ ദീപം തെളിയിക്കാനെത്തിയ ബിജെപി അധ്യക്ഷൻ അറസ്റ്റിൽ:
മധുര: തമിഴ്നാട് മധുര തിരുപ്പരങ്കുണ്‍ട്രം മലയിലെ കാർത്തിക ദീപം തെളിയിക്കലിനെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. സിക്കന്ദർ ദർഗയ്ക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിയിക്കാൻ ഹർജിക്കാരനായ ഹിന്ദു മുന്നണി നേതാവിനെ അനുവദിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് പൊലീസ് നടപ്പാക്കിയില്ല. മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ്റെ ഉത്തരവ് പ്രകാരം രാത്രി ഏഴിന് മലയിലെത്തിയ ഹർജിക്കാരനെയും സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ഹർജിക്കാരനായ രാമ രവികുമാറും നൈനാർ നാഗേന്ദ്രനും ഉൾപ്പെടെയുള്ളവർ മലമുകളിലേക്ക് പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇവരെ തടയുകയായിരുന്നു. ദീപം തെളിയിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പൊലീസ് ഇവരോട് വ്യക്തമാക്കി. ദീപം തെളിയിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സർക്കാർ തയാറെടുക്കുകയാണെന്നും അതിനാൽ ആരെയും കടത്തിവിടാൻ കഴിയില്ലെന്നുമാണ് പൊലീസ് ഇവരെ അറിയിച്ചത്. എന്നാൽ നൈനാർ നാഗേന്ദ്രനും മറ്റുള്ളവരും പിരിഞ്ഞുപോകാൻ തയാറായില്ല. തുടർന്നാണ് പൊലീസ് ബലം പ്രയോഗിച്ച് ഇവരെ വാനിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റിയത്. തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രത്തിന് സമീപത്തുള്ള മലയടിവാരത്തിൽ നിന്നാണ് ഇവരെ കൊണ്ടുപോയത്.
നൈനാർ നാഗേന്ദ്രനൊപ്പം ഹിന്ദു മുന്നണി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസുമായി തർക്കിച്ച ശേഷം ഹർജിക്കാരൻ പിരിഞ്ഞുപോയി. നിലവിൽ കസ്റ്റഡിയിലുള്ളവരെ ഒരു ഹാളിലാണ് പാർപ്പിച്ചിരിക്കുന്നത്. സംഘർഷാവസ്ഥ അയഞ്ഞ ശേഷം നൈനാർ നാഗേന്ദ്രനെയും മറ്റ് നേതാക്കളെയും വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു. മലമുകളിൽ ദീപം തെളിയിക്കാനുള്ള ഭക്തരെ പൊലീസ് കടത്തിവിട്ടില്ല. ഇതേത്തുടർന്ന് ഹിന്ദു സംഘടനകൾ പൊലീസുമായി തർക്കത്തിൽ ഏർപ്പെട്ടു. തിരുപ്പരങ്കുണ്‍ട്രത്ത് തടിച്ചുകൂടിയ ഭക്തരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശിച്ചു. ഹർജിക്കാരനെ വിളക്ക് തെളിയിക്കാൻ അനുവദിക്കണമെന്ന് ബിജെപി പൊലീസിനോട് അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്ന് അവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇരുന്നൂറിലധികം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കോടതി ഇടപെടലും 144 റദ്ദാക്കലും
മധുരയിലെ തിരുപ്പരങ്കുണ്‍ട്രം മലയിൽ ഇന്ന് തന്നെ ദീപം തെളിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ഉത്തരവിട്ടിരുന്നു. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുപ്പരങ്കുണ്‍ട്രം മലയിലെ കൽത്തൂണിൽ ദീപം തെളിയിക്കാൻ അനുവദിച്ച സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരായ അപ്പീൽ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വ്യാഴാഴ്ച തള്ളിയിരുന്നു. അപ്പീൽ തള്ളിയതിനെത്തുടർന്നാണ് നൈനാർ നാഗേന്ദ്രനും ഹിന്ദുത്വ സംഘടനാ പ്രവർത്തകരും മലമുകളിലേക്ക് പോകാൻ എത്തിയത്. നിരോധനാജ്ഞ റദ്ദാക്കിയ ഹൈക്കോടതി, ഹർജിക്കാരനായ രാമ രവികുമാറിന് ദീപം തെളിയിക്കാൻ പൂർണ സംരക്ഷണം നൽകാൻ പൊലീസിനോട് നിർദേശിച്ചിരുന്നു.നേരത്തെ കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ച ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ മലമുകളിൽ ദീപം തെളിയിക്കാൻ ഉത്തരവിട്ടു. എന്നാൽ പൊലീസ് അനുമതി നൽകാത്തതിനാല് ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ മാത്രമാണ് ദീപം തെളിയിച്ചത്. ഇതേത്തുടർന്നുള്ള കോടതിയലക്ഷ്യ കേസിൽ, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദീപത്തൂണിൽ ദീപം തെളിയിക്കാൻ ജസ്റ്റിസ് ഉത്തരവിട്ടു. ഇതിനെതിരെ തമിഴ്നാട് സർക്കാർ അപ്പീൽ നൽകിയെങ്കിലും അത് തള്ളി.
തുടർന്ന് ഇന്ന് വൈകുന്നേരം കോടതിയലക്ഷ്യ കേസ് വീണ്ടും പരിഗണനയ്ക്ക് വന്നു. സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീൽ തയാറാക്കിയതിനാലാണ് കോടതി ഉത്തരവ് നടപ്പിലാക്കാൻ സമയമെടുത്തതെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കരുതെന്ന് യാതൊരു ഉദ്ദേശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് മധുര ജില്ലാ കലക്ടർ പ്രവീൺ കുമാർ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ ചന്ദ്രശേഖർ, മധുര സിറ്റി പൊലീസ് കമ്മിഷണർ ലോഗനാഥൻ എന്നിവർ കോടതിയിൽ ഹാജരായി.
കോടതി ഉത്തരവ് നടപ്പിലാക്കാൻ നടപടി സ്വീകരിച്ചോ എന്ന് ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ അവരോട് ചോദിച്ചു. ബാരിക്കേഡുകൾ സ്ഥാപിച്ച് ഇന്നലെ വൈകുന്നേരം 3.30 മുതൽ നടപടികൾ സ്വീകരിച്ചിരുന്നതായി പൊലീസ് കമ്മിഷണർ മറുപടി നൽകി. തിരക്ക് വർധിച്ചതും പ്രശ്നങ്ങൾ ഉണ്ടായതും കാരണം ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു. ക്രമസമാധാനം പാലിക്കാനാണ് മലയിൽ ദീപം തെളിയിക്കുന്നത് തടഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്തരവിനെതിരെ അപ്പീൽ നൽകിയപ്പോൾ പിറ്റേന്ന് കേസ് പരിഗണിക്കാമെന്നാണ് അറിയിച്ചതെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. കോടതി ഉത്തരവിനെ മാനിക്കാതിരിക്കുക എന്ന ഉദ്ദേശ്യം ഇല്ലായിരുന്നെന്നും സംഘർഷാവസ്ഥ കണക്കിലെടുത്താണ് വൈകുന്നേരം 6.30ന് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഇരുഭാഗത്തെയും വാദങ്ങൾ കേട്ട ജസ്റ്റിസ്, 144 കാണിച്ചാണ് ഹർജിക്കാരനെ ദീപം തെളിയിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞതെന്ന് നിരീക്ഷിച്ചു. അതിനാൽ 144 റദ്ദാക്കുന്നതായി അദ്ദേഹം ഉത്തരവിട്ടു. മലമുകളിലെ ദീപത്തൂണിൽ ഇന്ന് തന്നെ ദീപം തെളിയിക്കാനും ജസ്റ്റിസ് ഉത്തരവിട്ടു. ഉത്തരവ് നടപ്പിലാക്കിയതിൻ്റെ റിപ്പോർട്ട് നാളെ രാവിലെ കോടതിയിൽ സമർപ്പിക്കണം. ദീപം തെളിയിക്കുമ്പോൾ മധുര പൊലീസ് കമ്മിഷണർ മതിയായ സംരക്ഷണം നൽകണമെന്നും ഉത്തരവിൽ പറയുന്നു. മതസൗഹാർദം എന്നത് ആരെയെങ്കിലും തടയലോ നിയന്ത്രണങ്ങളോ അല്ലെന്നും അത് പരസ്പര ധാരണയും സഹവർത്തിത്വവുമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് നടപ്പായോ എന്നറിയാൻ രാത്രി പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ അറിയിച്ചിരുന്നു.
സർക്കാരിൻ്റെയും പൊലീസിൻ്റെയും നിലപാട്
മലയിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ മാത്രമാണ് ദീപം തെളിയിക്കേണ്ടതെന്ന 2014ലെ ഹൈക്കോടതി ഉത്തരവ് ആണ് സർക്കാർ പിന്തുടരുന്നതെന്നും ഹിന്ദുത്വ ശക്തികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും നിയമമന്ത്രി എസ് രഘുപതി വ്യക്തമാക്കി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വർഗീയ സംഘർഷം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ നിലപാട്. എന്നാൽ ഈ വിധിക്കെതിരെ അപ്പീൽ പോകുന്ന സാഹചര്യത്തിൽ വിളക്ക് കൊളുത്താൻ അനുമതി നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. 144 റദ്ദാക്കിയതിലും അപ്പീൽ പോകുമെന്ന് പൊലീസ് ഭക്തരോട് പറഞ്ഞു. ഇതിനിടെ, ഈ വിഷയത്തിൽ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഹർജി ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാരിനെതിരെ എടപ്പാടി പളനിസ്വാമി
ഇതിനിടെ, ഈ വിഷയത്തിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി എക്‌സിൽ പ്രതികരണം രേഖപ്പെടുത്തി. ഹൈക്കോടതി സിംഗിൾ ജഡ്ജിയുടെ വിധി നടപ്പാക്കുന്നതിൽ പരാജയപ്പെടുകയും അനാവശ്യമായി സംഘർഷം സൃഷ്ടിക്കാൻ നാടകം കളിക്കുകയും ചെയ്യുന്ന ഡിഎംകെ സർക്കാരിനെ അദ്ദേഹം അപലപിച്ചു. എല്ലാ മതങ്ങളെയും അംഗീകരിക്കുകയും നിഷ്പക്ഷമായി ഭരിക്കുകയും ചെയ്യുന്നവരാണ് മികച്ച ഭരണാധികാരികൾ എന്നത് സ്റ്റാലിൻ സർക്കാർ മറന്നു. അനാവശ്യ പ്രശ്നങ്ങൾക്ക് വഴിവച്ച സ്റ്റാലിൻ മോഡൽ സർക്കാരിന് ജനങ്ങൾ ഉടൻ തന്നെ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

