വീണ്ടും ബോംബ് പൊട്ടിച്ച് രാഹുൽ ! ഹരിയാനയിൽ വൻ അട്ടിമറിനടന്നു : 25 ലക്ഷം വോട്ടുകൾ ബിജെപി കവർന്നു
ന്യുഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ സഹായിക്കുന്നു എന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ്സ് നേതാവും ലോകസഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച രാഹുൽ കഴിഞ്ഞ ഹരിയാന തെരഞ്ഞെടുപ്പിൽ നടന്നത് വൻ അട്ടിമറിയാണെന്ന്, തൻ്റെ കൈയിൽ അതിനുള്ള നൂറുശതമാനം തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് വിശദീകരിച്ചു. എക്‌സിറ്റ് പോളുകൾ കോൺഗ്രസ്സിന് വിജയം പ്രഖ്യാപിച്ചിരുന്ന ഹരിയാന തെരഞ്ഞെടുപ്പിൽ വൻ വോട്ടുകൊള്ള നടന്നെന്ന് തെളിവുകൾ മാധ്യമങ്ങൾക്ക് മുന്നിൽ ദൃശ്യവൽക്കരിച്ചുകൊണ്ട് രാഹുൽഗാന്ധി പറഞ്ഞു. ഒരേ ഫോട്ടോ ഉപയോഗിച്ച് 223 വോട്ട് ചെയ്‌തതും ഒരേ യുവതി 22 തവണ വോട്ട് ചെയ്‌തും സ്‌ക്രീനിൽ കാണിച്ചുകൊണ്ട് സമർത്ഥിച്ച രാഹുൽ ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ ബിജെപി കവർന്നതായി ആരോപിച്ചു.ഹരിയാനയുടെ ചരിത്രത്തിൽ ആദ്യമായി പോസ്റ്റൽ വോട്ടുകൾക്ക് വിരുദ്ധമായി ബാലറ്റ് വോട്ടുകൾ എത്തിയെന്നും നേതാക്കൾ ഹരിയാനയിലും യുപിയിലും വോട്ടുചെയ്‌തെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഇരട്ട വോട്ടുകൾ, അസാധു വോട്ടുകൾ, ബൾക് വോട്ടുകൾ, ഫോം 6ന്റെയും 7ന്റെയും ദുരുപയോഗം എന്നിങ്ങനെയാണ് കൊള്ള നടത്തിയത്. 2കോടി വോട്ടർമാർ ഉള്ളിടത്ത് 25 ലക്ഷം കൊള്ള നടത്തി. അതിനർത്ഥം ഹരിയാനയിലെ എട്ടിൽ ഒരു വോട്ട് വ്യാജമെന്നാണ്. ഒരു സ്ത്രീയുടെ പേരിൽ 100 വോട്ടുകൾ നടന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വ്യാജ വോട്ടിനായി ബ്രസീലിയൻ മോഡലിനെ ഉപയോഗിച്ചുവെന്നും ബ്രസീലിയൻ മോഡലിന് ഹരിയാനയിലെ വോട്ടർ പട്ടികയിൽ എന്ത് കാര്യമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.2 പോളിംഗ് ബൂത്തിൽ ആയി 223 സ്ഥലത്ത് ഒരു സ്ത്രീയുടെ ഫോട്ടോ കണ്ടെത്തിയിട്ടുണ്ടെന്നും 124177 വോട്ടർ മാർക്ക് വ്യാജ ഫോട്ടോ ഉപയോഗിച്ചെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. ഇരട്ടിപ്പ് നീക്കം ചെയ്യാനുള്ള സോഫ്റ്റ് വെയർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം ഉണ്ട്. പക്ഷെ അത് ഉപയോഗിക്കാത്തത് ബിജെപിയെ സഹായിക്കാനാണെന്നും യുവതലമുറ ഈ വോട്ടുകൊള്ള ഗൗരവമായി കാണണമെന്നും രാഹുൽ പറഞ്ഞു.
വാർത്താസമ്മേളനം തുടരുകയാണ് ..