"നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് ചോദ്യമുന്നയിക്കാൻ സൊഹ്രാൻ മംദാനി ആരാണ് ?": ബിജെപി

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്രാൻ മംദാനിയുടെ ഇടപെടലിനെ വിമർശിച്ച് ബിജെപി രംഗത്ത്. യുഎപിഎ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥിയും സാമൂഹിക പ്രവർത്തകനുമായ ഉമർ ഖാലിദിന് മംദാനി കത്തെഴുതിയതിനെ തുടർന്നാണ് ബിജെപിയുടെ നിശിതമായ വിമർശനം. ഇത്തരത്തിലുള്ള യാതൊരുവിധ ശ്രമങ്ങളും ഇന്ത്യ അനുവദിക്കില്ലെന്ന് ബിജെപി ദേശിയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
"ഇന്ത്യയുടെ പരമാധികാരം വെല്ലുവിളിക്കപ്പെട്ടാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കും. ആരെങ്കിലും കുറ്റാരോപിതനെ പിന്തുണച്ചുകൊണ്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയാണെങ്കിൽ രാജ്യം അത് സഹിക്കില്ല. നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ ഇയാൾ ആരാണ്? അതും ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഒരാളെ പിന്തുണയ്ക്കാൻ? ഇത് ന്യായമല്ല," ഗൗരവ് ഭാട്ടിയ കൂട്ടിച്ചേർത്തു.ഇന്ത്യയിലെ ജനങ്ങൾക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു. ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് സൊഹ്രാൻ മംദാനി എഴുതിയ കുറിപ്പിനെതിരെ വിശ്വ ഹിന്ദു പരിഷത്തും രംഗത്ത് എത്തിയിരുന്നു.
ഇന്ത്യയ്‌ക്കെതിരെ നുണ പ്രചരിപ്പിക്കാൻ രാഹുൽഗാന്ധിയുടെ പ്രോത്സാഹനം
നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി ഉമർ ഖാലിദിന് കത്ത് അയച്ച വിഷയത്തിൽ കോൺഗ്രസിനെതിരെയും വിമർശന ശരങ്ങളെറിഞ്ഞ് ഗൗരവ് ഭാട്ടിയ. രാഹുൽഗാന്ധി നടത്തുന്ന വിദേശ യാത്രകളിൽ ഇന്ത്യയോട് വിരോധമുള്ളവരെയും ഇന്ത്യയുടെ ശത്രുക്കളെയും കണ്ടുമുട്ടുന്നുവെന്നും ഇന്ത്യയ്‌ക്കെതിരെ നുണ പ്രചരിപ്പിക്കാൻ അവരെ രാഹുൽഗാന്ധി പ്രോത്സാഹിപ്പിക്കുന്നുവെന്നും ഭാട്ടിയ പറഞ്ഞു.
"പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്നിൽ നിക്ഷിപ്‌തമായ ഉത്തരവാദിത്വങ്ങളോട് യാതൊരു ബഹുമാനവും രാഹുൽഗാന്ധിയ്ക്കില്ല. അമേരിക്കൻ കോടീശ്വരനും നിക്ഷേപകനുമായ ജോർജ്ജ് സോറോസുമായും (അമേരിക്കൻ വ്യവസായി) ഇൽഹാൻ ഒമറുമായും (അമേരിക്കൻ നിയമ നിർമാതാവ്) ശത്രുത പുലർത്തുന്നതും സാഹോദര്യം നിലനിർത്തുന്നതും രാഹുൽഗാന്ധിക്ക് ഉചിതമല്ല. രാഹുൽഗാന്ധി ചെയ്യുന്നത് ന്യായമായ കാര്യമല്ല. ഇന്ത്യയിലെ ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ല," ഗൗരവ് ഭാട്ടിയ പറഞ്ഞു. രാഹുൽഗാന്ധിയുടെ വിദേശ സന്ദർശനങ്ങളെ കുറിച്ച് അന്വേഷണം ആരംഭിക്കണമെന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
2020ലുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തിയാണ് ഉമർ ഖാലിദിനെ തടവിലാക്കിയിരിക്കുന്നത്. കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല എങ്കിലും 2020 മുതൽ ഉമർ ഖാലിദിനെ തടങ്കലിൽ വച്ചിരിക്കുകയാണ്. ഇതിനെ തുടർന്നാണ് സൊഹ്രാൻ മംദാനി തുറന്ന കത്ത് എഴുതിയത്.