പ്രചാരണം ശക്തമാക്കാൻ ബിജെപി : പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും

 പ്രചാരണം ശക്തമാക്കാൻ ബിജെപി : പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രചാരണത്തിനൊപ്പം പത്രിക സമര്‍പ്പണത്തിലും സജീവമാകുകയാണ് സ്ഥാനാര്‍ഥികള്‍. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിയേക്കുമെന്ന് ചില സ്ഥാനാർഥികൾക്കെങ്കിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു ഔദ്യോഗിക തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. 

കേരളത്തിലും വികസന രാഷ്ട്രീയം വരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ

വികസനോന്മുഖ രാഷ്ട്രീയത്തെ കേരളം നെഞ്ചേറ്റണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ. പാലക്കാട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ കേരളത്തിലും പ്രതിഫലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസന രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ തയാറായ ബിഹാറിലെ ജനതയെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ തവണ ബിഹാർ ജനത വികസനത്തെയാണ് മുന്നോട്ട് വെച്ചത്. അത് ഏറ്റെടുക്കാൻ അവർ തയാറായി. അതുപോലെതന്നെ കേരളത്തിലെ ജനങ്ങളും വികസന രാഷ്ട്രീയത്തെ മുൻനിരയിലേക്ക് കൊണ്ടുവരണം. ഇതിനായി മോദി സർക്കാരിൻ്റെ 'ഡബിൾ എൻജിൻ' വികസന മാതൃകയെ പിന്തുണയ്ക്കണം," ഭൂപേന്ദ്രഭായ് പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയ്ക്കും മേയർ വി വി രാജേഷിനും ഒപ്പമെത്തി പത്രിക സമര്‍പ്പിച്ച് രാജീവ് ചന്ദ്രശേഖര്‍

നേമത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വികാസ് ഭവൻ ലേബർ ഓഫീസിൽ വരണാധികാരിക്കു മുന്നിൽ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയ്ക്കും മേയർ വി വി രാജേഷിനും മറ്റ് ബിജെപി നേതാക്കൾക്കും ഒപ്പമെത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ പത്രിക സമര്‍പ്പിച്ചത്.

ഗുജറാത്ത് എംപി ദാവൽ പട്ടേലിനോടോപ്പമെത്തി എ എസ് കവിത 

വയനാട് ബത്തേരി മണ്ഡലം എൻഡിഎ സ്ഥാനാർഥി എ എസ് കവിത വരണാധികാരിക്ക് മുൻപാകെ നാമനിർദേശപത്രിക സമർപ്പിച്ചു. ഗുജറാത്ത് എംപി ദാവൽ പട്ടേലിൻ്റെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം. ബത്തേരി നിയോജക മണ്ഡലം ഇലക്ഷൻ കൺവീനർ അഡ്വ. പി സി ഗോപിനാഥ്, ബത്തേരി നിയോജകമണ്ഡലം പ്രഭാരി പി ജി ആനന്ദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം വി മോഹനൻ തുടങ്ങിയവരും നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒപ്പം ഉണ്ടായിരുന്നു. ബത്തേരി ബിജെപി മണ്ഡലം ഓഫീസിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.

പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും

കേരളത്തിലെ പ്രചാരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും കേന്ദ്ര നേതാക്കളും എത്തും. പ്രധാനമന്ത്രിയും അമിത് ഷായും രണ്ട് തവണയും ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണയും പ്രചാരണത്തിനെത്തും.നേമം, കാട്ടാക്കട, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രചരണത്തിനിറങ്ങും. മഞ്ചേശ്വരം, കാസർകോട് എന്നീ മണ്ഡലങ്ങളിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും, കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗും കൊല്ലം, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിൽ ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പങ്കെടുക്കും.കോഴിക്കോട് ഛത്തീസ്​ഗഡിലെയും രാജസ്ഥാനിലെയും ഉപമുഖ്യമന്ത്രിമാരും പ്രചാരണത്തിന് മാറ്റുകൂട്ടാൻ എത്തുന്നുണ്ട്. ഷൊർണൂർ, ചേലക്കര എന്നിവിടങ്ങളിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, തൃശൂരിൽ ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രചരണത്തിനെത്തുന്നുണ്ട്.