ആസാമിൽ അധികാരത്തുടർച്ചയ്ക്കുള്ള കർമ്മപരിപാടികൾ ആവിഷ്ക്കരിച്ച്‌ ബിജെപി

ആസാമിൽ അധികാരത്തുടർച്ചയ്ക്കുള്ള കർമ്മപരിപാടികൾ ആവിഷ്ക്കരിച്ച്‌ ബിജെപി

ഗുവാഹത്തി: കേരളത്തോടൊപ്പം നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആസാമില്‍ ഭരണത്തുടര്‍ച്ചക്ക് ശക്തമായ കര്‍മ്മ പരിപാടികളുമായി ബിജെപി കളത്തിലിറങ്ങി. മൂന്നാം തവണയും സംസ്ഥാനത്ത് എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 100 ദിവസ കര്‍മ്മപരിപാടിയാണ് പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്. പാര്‍ട്ടി ദേശീയ വര്‍ക്കിങ്ങ് പ്രസിഡണ്ട് നിതിന്‍ നബീന്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തി നേതൃയോഗങ്ങളില്‍ പങ്കെടുത്തിയിരുന്നു. തൊട്ടു പിറകേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം സന്ദര്‍ശനത്തിന് എത്തുകയാണ്.

തെരഞ്ഞെടുപ്പിനു മുമ്പ് ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ അടിത്തറ ശക്തമാക്കാനും ഘടകകക്ഷികളെ ഉറപ്പിച്ചു നിര്‍ത്താനുമുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. ജനങ്ങളെ നേരില്‍ക്കാണാന്‍ വരും ദിവസങ്ങളില്‍ ബി ജെപി നേതാക്കളും പ്രവര്‍ത്തകരും വീടുകളില്‍ നേരിട്ടെത്തും. ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം എളുപ്പമാക്കാന്‍ ഏറ്റവും കുറച്ച് പേരുകള്‍ ഉള്‍പ്പെടുത്തി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ താഴേത്തട്ടിലുള്ള ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിജെ പി പ്രവര്‍ത്തകര്‍ നടത്തുന്ന ഗൃഹ സമ്പര്‍ക്ക പരിപാടി കേവലം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് സൈക്കിയ മാധ്യമങ്ങളോട് പറഞ്ഞു. "ഇത് സംസ്‌കാരം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ഭാവി തലമുറക്ക് സുരക്ഷിത അസം കൈമാറുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. മൂന്നാം തവണയും സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നതില്‍ ഒരു സംശയവും വേണ്ട.അടുത്ത 100 ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൃത്യമായ ലക്ഷ്യമുണ്ട്. ജനുവരി 16 മുതല്‍ 21 വരെ ബൂത്തു തലത്തില്‍ സംഘടന ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ നടക്കും. ജനുവരി 22 മുതല്‍ 30 വരെ ബൂത്ത് വിജയാഘോഷങ്ങളും നടക്കും. കോണ്‍ഗ്രസ് ചെയ്യുന്ന പോലെ മുസ്ലീം പ്രീണന രാഷ്ട്രീയം കളിക്കാന്‍ ബിജെപി ഒരുക്കമല്ല. വികസനത്തിന്‍റെ പേരിലാണ് ഞങ്ങള്‍ വോട്ട് ചോദിക്കുക. പാര്‍ട്ടിയുടെ വലിപ്പച്ചെറുപ്പം നോക്കാതെ മുന്നണി ഘടകകക്ഷികള്‍ ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുക.“ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.രണ്ട് ദിവസം നടന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്ര മന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബൈജയന്ത് ജയ് പാണ്ഡ, ഹരീഷ് ദ്വിവേദി എന്നിവര്‍ സംബന്ധിച്ചു. 126 മണ്ഡലങ്ങളുള്ള ആസാമില്‍ ബിജെപി എന്‍ ഡി എ മുന്നണിയായാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും വ്യക്തമാക്കി.

എന്‍ഡിഎയില്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഫെബ്രുവരി 15 നകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യ മന്ത്രി വ്യക്തമാക്കി. അസം ഗണ പരിഷത്, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് എന്നിവയാണ് മുന്നണിയിലെ പ്രധാനികള്‍. സഖ്യ കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമെടുക്കുക ദേശീയ നേതൃത്വമായിരിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ തവണത്തെ അതേ തരത്തിലാകും സീറ്റ് വിഭജനമെന്ന സൂചനകളും മുഖ്യമന്ത്രി നല്‍കി.ദേശീയ പാര്‍ട്ടികള്‍ തങ്ങള്‍ മല്‍സരിച്ച സീറ്റുകള്‍ കൈയൊഴിയുന്നത് അപൂര്‍വ്വ അവസരങ്ങളില്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോഡോ ലാന്‍ഡ് മേഖലയില്‍ നിന്നുള്ള പ്രമുഖ പാര്‍ട്ടികളായ ബോഡോ പീപ്പിള്‍സ് ഫ്രണ്ടും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും ഇത്തവണ ബിജെപിക്കൊപ്പം എന്‍ഡിഎയിലാണ്. അതു കൊണ്ടു തന്നെ ബോഡോ മേഖലക്കു വേണ്ടി പ്രത്യേക ചര്‍ച്ചകളും നീക്കു പോക്കുകളും ആവശ്യമായി വരുമെന്ന് ശര്‍മ്മ സൂചിപ്പിച്ചു.

കഴിഞ്ഞ തവണ ബിജെപി 93 സീറ്റില്‍ മല്‍സരിച്ച ബിജെപി 60 സീറ്റില്‍ വിജയിച്ചിരുന്നു. അസം ഗണ പരിഷത്ത് 25 സീറ്റില്‍ മല്‍സരിച്ചപ്പോള്‍ 9 ഇടത്ത് വിജയിച്ചു. യു പി പിഎല്‍ 8 സീറ്റില്‍ മല്‍സരിച്ച് 6 ഇടത്ത് വിജയിച്ചു. 7 പാര്‍ട്ടികളുടെ മഹാ സഖ്യമായി മല്‍സരിച്ച കോണ്‍ഗ്രസ് മല്‍സരിച്ച 95 സീറ്റില്‍ വിജയിക്കാനായത് 29 സീറ്റിലായിരുന്നു. 20 സീറ്റില്‍ മല്‍സരിച്ച എ ഐ യുഡി എഫ് 16 ഇടത്ത് വിജയം കണ്ടു. ബോഡോ പീപ്പിള്‍സ് ഫ്രണ്ട് 12 സീറ്റില്‍ മല്‍സരിച്ച് 4 ഇടത്ത് വിജയിച്ചു. സിപി എം 2 സീറ്റില്‍ മല്‍സരിച്ച് ഒരിടത്ത് വിജയിച്ചു. സിപിഐക്ക് മല്‍സരിച്ച ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല.

ഇത്തവണ തങ്ങള്‍ക്ക് ചുരുങ്ങിയത് 35 സീറ്റ് വേണമെന്ന് അസം ഗണ പരിഷത്ത് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ 25 സീറ്റായിരുന്നു ബിജെപി എജിപിക്ക് മല്‍സരിക്കാന്‍ നല്‍കിയത്. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു ശേഷം ബോഡോ മേഖലയില്‍ 15 സീറ്റുകളാണുള്ളത്. ഈ മേഖല സംസ്ഥാന ഭരണം പിടിക്കുന്നതില്‍ നിര്‍ണ്ണായകമായതു കൊണ്ടു തന്നെ ഘടകകക്ഷികളിലാരേയും പിണക്കാതെ എങ്ങനെ സീറ്റ് വിഭജനം പൂര്‍ത്തീകരിക്കാനാവുമെന്നതാണ് ബിജെപിക്കു മുന്നിലുള്ള വെല്ലു വിളി.