നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടു: അനുവദിക്കാതെ അണികൾ സ്ഥനാർത്ഥിയെ വീടിനുള്ളിൽ പൂട്ടിയിട്ടു

മുംബൈ: ജനുവരി 15 ന് നടക്കുന്ന നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്ന ഇന്ന് , ഒരു വാർഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. നഗരസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്ന് രോഷാകുലരായ ബിജെപി പ്രവർത്തകർ സ്വന്തം സ്ഥാനാർത്ഥിയെ വീടിനുള്ളിൽ പൂട്ടിയിടുകയും പ്രധിഷേധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്‌തു.

പതിമൂന്നാം വാർഡിലെ പ്രഭാഗ് 'ഡി'യിലാണ് സംഭവം. പാർട്ടി സ്ഥാനാർത്ഥിയെ അംഗീകരിച്ചിട്ടുണ്ടെന്നും അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നം അവർക്ക് നൽകണമെന്നും സൂചിപ്പിക്കുന്ന 'എബി ഫോമുകൾ' -- പ്രദേശത്തെ ബിജെപി നേതാക്കളായ കിസാൻ ഗവാണ്ടെയ്ക്കും വിജയ് ഹോളിനും ബിജെപി നൽകിയിരുന്നു. അവസാന നിമിഷം, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പാർട്ടി ഗവാണ്ടെയോട് നിർദ്ദേശിച്ചതിനെത്തുടർന്നാണ് ഗവാണ്ടെയുടെ അനുയായികൾ പ്രതിഷേധപ്രകടനവുമായി രംഗത്തുവന്നത്.വാർത്ത പരന്നതോടെ, ഗവാണ്ടെയുടെ കൂടുതൽ അനുയായികൾ സ്ഥലത്തെത്തി അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും വീട്ടിനകത്താക്കി പുറത്തുനിന്നും പൂട്ടിയിട്ട് നാമനിർദ്ദേശ പത്രികപിൻവലിക്കാൻ അനുവദിക്കില്ലാ എന്നറിയിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
പാർട്ടി നിർദ്ദേശം പാലിക്കേണ്ടത് തന്റെ കടമയാണെന്ന് പറഞ്ഞു അണികളോട് അദ്ദേഹം കൈകൾ കൂപ്പി പൂട്ട് തുറക്കാൻ ആവർത്തിച്ച് അഭ്യർത്ഥിച്ചെങ്കിലും പ്രവർത്തകർ അത് നിരസിക്കുകയും ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായിഅവർ പ്രകടിപ്പിക്കുകയും ചെയ്തു.
സംഭവത്തെത്തുടർന്ന്, ബിജെപി എംഎൽസി പരിണയ് ഫ്യൂക്ക് സ്ഥലത്തെത്തി പ്രതിഷേധക്കാരായ പ്രവർത്തകരുമായി ചർച്ച നടത്തി, സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം പ്രവർത്തകർ വീടിന്റെ പൂട്ട് തുറക്കാൻ തയ്യാറായി.
."കഴിഞ്ഞ 20 വർഷത്തിനിടയിൽ, ഹസാരി പഹാഡ് മേഖലയിലെ എല്ലാ വികസന പ്രവർത്തനങ്ങളും ഗവാണ്ടെ വഴിയാണ് നടത്തിയത്, ഭാവിയിൽ അവ അദ്ദേഹത്തിലൂടെ തന്നെ നടപ്പിലാക്കും. മുഖ്യമന്ത്രി ഫഡ്‌നാവിസുമായി വീഡിയോ കോൺഫറൻസിലൂടെ എല്ലാവരുമായും ചർച്ച നടത്തും. പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ തീർച്ചയായും മാനിക്കപ്പെടും, ”ഫ്യൂക്ക് മാധ്യമങ്ങളോട് പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കവേ, തന്റെ നാമനിർദ്ദേശം പിൻവലിച്ചതായി ഗവാണ്ടെ സ്ഥിരീകരിച്ചു. “എന്റെ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ എടുത്ത തീരുമാനത്തിൽ എനിക്ക് എതിർപ്പില്ല. എന്റെ പ്രദേശത്ത് പാർട്ടിക്കുവേണ്ടി ഞാൻ പ്രചാരണം നടത്തും. പാർട്ടി പ്രവർത്തകരെ സമാധാനിപ്പിക്കാൻ കുറച്ച് സമയമെടുക്കും. നാളെ ഞാൻ എല്ലാവരെയും നേരിട്ട് കാണുകയും പ്രദേശത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് വിശദീകരിക്കുകയും ചെയ്യും. എനിക്ക് ഒരു നീരസവുമില്ല,” അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "പാർട്ടി നേതൃത്വം എന്ത് തീരുമാനിച്ചാലും എനിക്ക് അത് സ്വീകാര്യമായിരിക്കും. ഈ പ്രദേശത്തോട് ഒരു അനീതിയും ഉണ്ടാകില്ല," ഗവാണ്ടെ പറഞ്ഞു.ബിജെപിയിൽ നിന്ന് ഒരു ഉറപ്പും ആവശ്യമില്ലെന്ന് പറഞ്ഞ ഗവാണ്ടെ, ചെറുപ്പം മുതലേ പാർട്ടി തന്നെ വളർത്തിയെടുത്തതാണെന്നും നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും പറഞ്ഞു. "പ്രവർത്തകരുടെ വികാരങ്ങൾ തീർച്ചയായും മാനിക്കപ്പെടും. ഏതെങ്കിലും രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ, ഈ പ്രദേശത്തിന് പ്രാതിനിധ്യം ലഭിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.