വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥിയാകുമെന്ന് ബിജെപിയുടെ ഔദ്യോഗിക പ്രഖ്യാപനം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ബിജെപി ഭരണം പിടിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയായി വി.വി. രാജേഷ്. വിവി രാജേഷ് മേയർ സ്ഥാനാർഥിയുംആശാനാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയാക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്.
ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാല്‍ ശ്രീലേഖ മേയർ ആകുന്നതിൽ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവി രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ മേയർ ഡെപ്യൂട്ടി മേയർ സ്ഥാനാർഥികൾക്ക് ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചു.
നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് അൻപത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചത്. സീറ്റ് ഇരട്ടിയാക്കി യുഡിഎഫും മുന്നേറ്റമുണ്ടാക്കിയെങ്കിലും ജനവിധി ബിജെപിയ്‌ക്കൊപ്പമായിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഭരണം നിലനിർത്താമെന്ന് കരുതിയ എൽഡിഎഫിന് കിട്ടിയത് അക്ഷരാർഥത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണെന്ന് തന്നെ പറയേണ്ടിവരും. സിറ്റിങ് വാർഡുകൾ പലതും നഷ്‌ടപ്പെട്ടിരുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ വാർഡുകളിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ഭരണസമിതിക്കെതിരായെ വികാരം മറികടക്കാൻ ഇറക്കിയ പുതിയ സ്ഥാനാർഥികളും വാർഡ് വിഭജനവും തുണച്ചില്ല. തീരദേശ വാർഡുകൾ യുഡിഎഫിനൊപ്പം നിന്നതോടെ 2020ൽ പത്ത് സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന്‍റേത് വമ്പൻ തിരിച്ചുവരവായിരുന്നു.
അതേസമയം ആര്‍ ശ്രീലേഖ മേയറാകുന്നതിൽ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽഅവരുടെ വീട്ടിൽവെച്ച് നേതാക്കളുടെ ചർച്ച നടത്തി സാഹചര്യം നേതാക്കൾ ധരിപ്പിക്കുകയായിരുന്നു. കൂടാതെ നിയമസഭാ സീറ്റ് വാഗ്‌ദാനം ചെയ്തുവെന്നും സൂചനയുണ്ട്.
ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് മേയർ സ്ഥാനാർഥി സംബന്ധിച്ച തീരുമാനമാനമായത്. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ ബിജെപിയിൽ ഭിന്നത രൂക്ഷമായിരുന്നു. വിവി രാജേഷിനായി നേതൃത്വത്തിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടതോടെയാണ് ശ്രീലേഖയുടെ വീട്ടില്‍ ചർച്ച നടന്നത്.
തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുൻ എംഎൽഎ കെ എസ് ശബരീനാഥനാണ് മത്സരിക്കുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്‌പവും. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജിയാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി.