ബി എല്‍ ഒമാര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബി എല്‍ ഒമാര്‍ ഹൃദയാഘാതം മൂലം മരിച്ചു

ലഖ്‌നൗ: വനിതാ ബി‌എൽ‌ഒ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ ബൂത്ത് ലെവൽ ഓഫിസറും അംഗൻവാടി ജീവനക്കാരിയുമായ ശോഭാറാണിയാണ് (56) മരിച്ചത്. എസ്‌ഐആർ ജോലി സമ്മർദമാണ് മരണ കാരണമെന്ന് കുടുംബം പറയുന്നു.ശനിയാഴ്‌ച (നവംബര്‍ 29) രാത്രിയിൽ അതികഠിനമായി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൊറാദാബാദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കിടെയാണ് ശോഭാറാണി മരിക്കുന്നത്. മകൻ്റെ വിവാഹത്തിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ ദുരന്തമെന്ന് ശോഭാറാണിയുടെ ഭർത്താവ് കൃപാൽ സൈനി പറഞ്ഞു.

" എസ്‌ഐആർ ജോലി തുടങ്ങിയതിനു ശേഷമുള്ള ദിവസങ്ങളിൽ ശോഭാറാണിക്ക് സുഖമില്ലായിരുന്നു. ഡയബറ്റിക്ക് പേഷ്യൻ്റ് കൂടിയായിരുന്നിട്ടും എസ്‌ഐ‌ആർ ജോലികൾ വിശ്രമമില്ലാതെ തുടർന്നു. വളരെ രാത്രി വൈകിയും ജോലി തുടർന്നു. എസ്‌ഐ‌ആർ ഫോമുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്‌തു. പിന്നീടാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്", എന്നും ശോഭാറാണിയുടെ ഭർത്താവ് കൂട്ടിച്ചേർത്തു.

ധാംപൂർ നഗരത്തിലെ മൊഹല്ല ബദ്‌വാനിലെ ബൂത്ത് നമ്പർ 97 ലെ ബി‌എൽ‌ഒ (ബൂത്ത്-ലെവൽ ഓഫീസർ) ശോഭാറാണി (56) ആണെന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ വിമൽ ചൗബെ പറഞ്ഞു. ശോഭാറാണി പ്രമേഹ രോഗിയായിരുന്നെന്ന് കുടുംബം റിപ്പോർട്ട് ചെയ്‌തതായി ധാംപൂരിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സ്‌മൃതി മിശ്ര പറഞ്ഞു.

രാജസ്ഥാനിലെ ധോല്‍പുരില്‍ ശനിയാഴ്‌ച രാത്രി ഹൃദയാഘാതം മൂലം ബി എല്‍ ഒ മരിച്ചു. ഗോശാല ഗ്രാമത്തില്‍ ബിഎൽഒ ആയ അനുജ് ഗാർഗിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഗാർഗിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എസ്‌ഐആർ ജോലിയുടെ സമ്മർദ്ദം കാരണം, അനുജ് പലപ്പോഴും പുലർച്ചെ 2 മണി വരെ ജോലി ചെയ്തിരുന്നു. "ഇന്നലെ രാത്രി ഏകദേശം 1 മണിയോടെ, അനുജ് പതിവുപോലെ വോട്ടർ ഫോമുകൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതിനിടെ കുഴഞ്ഞു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സഹോദരി പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സമാന സംഭവം കഴിഞ്ഞ പല ദിവസങ്ങളായി മറ്റ് സംസ്ഥാനങ്ങളിലും നടന്നു. കേരളത്തിലും രാജസ്ഥാനിലുമായി രണ്ട് ബിഎൽഒമാർ ജീവനൊടുക്കിയതും ഇതേ കാരണത്താലായിരുന്നു. കേരളത്തിലെ കണ്ണൂർ സ്വദേശി അനീഷും ജയ്‌പൂർ സ്വദേശി മുകേഷ് ജന്‍ഗിതുമാണ് ജോലി സമ്മർദത്താൽ ആത്മഹത്യ ചെയ്‌ത മറ്റ് രണ്ട് ബിഎൽഒമാർ.