ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

മുംബൈ :മുതിര്‍ന്ന ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഐഎഎൻഎസ് അടുത്ത വൃത്തങ്ങളാണ് ധർമ്മേന്ദ്രയുടെ മരണവാർത്ത സ്ഥിരീകരിച്ചത്.

ഇന്ത്യന്‍ സിനിമയ്‌ക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും അഗാധമായ ദു:ഖമാണ് ധര്‍മ്മേന്ദ്രയുടെ വിയോഗം സമ്മാനിച്ചിരിക്കുന്നത്. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന താരം അടുത്തിടെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്നും വീട്ടിലേയ്‌ക്ക് മടങ്ങിയെത്തിയത്.ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ താരം 60 വർഷത്തിലേറെയായി ഇന്ത്യൻ സിനിമയുടെ പ്രധാന ഘടകമായിരുന്നു. നിരവധി ബോളിവുഡ് താരങ്ങള്‍ അദ്ദേഹത്തിന്‍റെ മുംബൈയിലെ വസതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ധര്‍മ്മേന്ദ്രയുടെ സഹപ്രവര്‍ത്തകനും മുതിര്‍ന്ന താരവുമായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ വിലെ പാർലെ ശ്‌മശാനത്തില്‍ എത്തിച്ചേര്‍ന്നു.ധർമ്മേന്ദ്രയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വിലെ പാർലെ ശ്‌മശാനത്തിൽ ആദ്യം എത്തിയവരിൽ ബോളിവുഡ് സൂപ്പർ താരങ്ങളായ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരും ഉൾപ്പെടുന്നു. ബ്രീച്ച് കാൻഡി ആശുപത്രിയിൽ താരം ചികിത്സയിലിരിക്കെ ഇവര്‍ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്‌തിരുന്നു.

രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ധർമ്മേന്ദ്രയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ധർമ്മേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയ്‌ക്ക് വലിയ നഷ്‌ടമാണെന്നാണ് രാഷ്‌ട്രപതിയുടെ പ്രതികരണം. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ജനഹൃദയം കവര്‍ന്ന താരമാണ് ധര്‍മ്മേന്ദ്ര എന്നാണ് പ്രധാന മന്ത്രിയുടെ പ്രതികരണം. എക്‌സിലൂടെ ധര്‍മ്മേന്ദ്രയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയായിരുന്നു രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും."മുതിർന്ന നടനും മുൻ പാർലമെന്‍റ് അംഗവുമായ ശ്രീ ധർമ്മേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയ്‌ക്ക് വലിയ നഷ്‌ടമാണ്. പതിറ്റാണ്ടുകൾ നീണ്ട തന്‍റെ മഹത്തായ കെരിയറിൽ നിരവധി അവിസ്‌മരണീയ പ്രകടനങ്ങൾ കാഴ്‌ച്ചവച്ചിട്ടുള്ള ഏറ്റവും മികച്ച ജനപ്രിയ നടന്‍മാരിൽ ഒരാളായ അദ്ദേഹം. ഇന്ത്യൻ സിനിമയിലെ ഉയർന്ന പ്രതിച്ഛായയായ അദ്ദേഹം, വരും തലമുറകളിലെ കലാകാരന്‍മാർക്ക് എന്നും പ്രചോദനമാകും. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്‍റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു." -രാഷ്‌ട്രപതി കുറിച്ചു."ധർമ്മേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്‍റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഒരു ഐക്കോണിക് സിനിമാ വ്യക്‌തിത്വമായിരുന്നു അദ്ദേഹം. ഏതു കഥാപാത്രത്തിനും ആഴവും ആകർഷണവും പകർന്നു നൽകിയ അസാധാരണ നടൻ. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അദ്ദേഹം ജനഹൃദയം കവര്‍ന്നു. ധർമേന്ദ്രജിയുടെ ലാളിത്യവും വിനയവും മനുഷ്യ സ്‌നേഹവും പൊതുജനങ്ങളുടെ ഹൃദയം കീഴടക്കി. ഈ ദുഃഖ നിമിഷത്തിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും ആരാധകരുടെയും വേദനയിൽ ഞാനും പങ്കുചേരുന്നു. ഓം ശാന്തി." പ്രധാനമന്ത്രി കുറിച്ചു.