ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്. തോടന്നൂർ സ്വദേശി ബിതുൽ ബാലന്‍റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ രണ്ടരയോട് കൂടിയാണ് മൂന്നംഗ അക്രമി സംഘം എത്തിയത്.
ഗേറ്റിന് പുറത്തെത്തി ഇവർ ആക്രമണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിതുൽ ബാലന്‍റെ മാതാപിതാക്കൾ മാത്രമാണ് ബോംബേറിഞ്ഞ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ കിടന്നുറങ്ങുന്ന റൂമിന് നേരെയാണ് ബോംബെറിഞ്ഞതെന്നും കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ എത്തിയതെന്നും നാട്ടുകാർ പറഞ്ഞു.ശാന്തമായ അന്തരീക്ഷത്തിൽ ആളുകൾ ജീവിക്കുന്ന പ്രദേശത്ത് കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഭവം നടന്നതെന്നും നാട്ടുകാർ പറഞ്ഞു. ജനങ്ങളും അപകട ഭീഷണിയിൽ ആണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
മന്ത്രിക്കെതിരെ പ്രതിഷേധിച്ച ബിതുൽ ബാലന്‍ അടക്കം 5 കെഎസ്‌യു പ്രവർത്തകർ റിമാന്‍ഡിലാണ്. കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് കെഎസ്‌യു പ്രവർത്തകരാണ് റിമാന്‍ഡിലായത്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അക്രമികൾ ആയുധം ഉപയോഗിച്ചതായും എഫ്ഐആറിൽ പരാമർശമുണ്ട്. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെ മന്ത്രിയെ കൈയ്യേറ്റം ചെയ്‌തൂവെന്നാണ് പൊലീസും സിപിഎമ്മും ആരോപിക്കുന്നത്. ഈ തള്ളിക്കയറ്റത്തിനിടയിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതിനെ തുടർന്ന് അവരെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.