ബോംബെ കേരളീയ സമാജം ദേശീയ യുവജന ദിനം ആഘോഷിച്ചു
മുംബൈ: ബോംബെ കേരളീയ സമാജം ജനുവരി 11 ഞായർ ദേശീയ യുവജനദിനമായി ആഘോഷിച്ചു. സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ സാംസ്കാരിക സമ്മേളനവും സംഗീതവേദിയുമരങ്ങേറി.പതിനഞ്ചോളം ഗായികാ ഗായകന്മാർ ഗാനങ്ങളവതരിപ്പിച്ചു. ഭദ്രദീപ പ്രോജ്വലനത്തോടെ ആരംഭിച്ച പരിപാടിയിൽ മുംബയിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ: സുനിൽ കുട്ടി മുഖ്യതിഥിയായിരുന്നു. സമാജം വൈസ് പ്രസിഡണ്ട് ക്യാ : കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോ: സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു. സമാജം നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി സെക്രട്ടറി വിശദീകരിച്ചു. ട്രഷറർ എം.വി.രവി , യൂത്ത് വിംഗ് കൺവീനർ അൽബൻകുമാർ, പ്രേമരാജൻ നമ്പ്യാർ എന്നിവർ വേദി പങ്കിട്ടു. സംശുദ്ധ ഭക്ഷണവും സമ്പൂർണ്ണ ആരോഗ്യവും എന്ന വിഷയത്തിൽ യുവാക്കൾക്കായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാളവിക അഴകേശൻ, രണ്ടാം സ്ഥാനം നേടിയ ജിഷ്ണു എസ്.പണിക്കർ എന്നിവർക്ക് ക്യാഷ് അവാർഡും ഫലകവും പ്രോത്സാഹന സമ്മാനാർഹരായ സ്വാതി ശിവദാസൻ , രേഷ്മാ സുരേഷ്, ഹൃദ്യാ ഗോകുൽദാസ്, സിദ്ധിജാ നായർ എന്നിവർക്ക് ഫലകങ്ങളും വിതരണം ചെയ്തു. യുവാക്കളുടെ ഭക്ഷണക്രമവും ആരോഗ്യ പരിപാലനവും വ്യായാമവും എന്ന വിഷയത്തെ അധീകരിച്ച് ഡോ: സുനിൽ കുട്ടി പ്രഭാഷണം നടത്തുകയും സദസ്സിൻ്റെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.

