ബോംബാക്രമണം : ഹോർമുസിൽ 2 എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു, ജീവനക്കാർ രക്ഷപ്പെട്ടു

ടെഹ്റാൻ: ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് വ്യോമസേന ബോംബാക്രമണം തുടരവേ ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്റൈനിലും കുവൈറ്റിലുമുള്ള അമേരിക്കൻ സൈനിക താവളങ്ങളെയും ആസ്തികളെയും ലക്ഷ്യമിട്ട് തിരിച്ചടി നൽകിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായും വിവരമുണ്ട്. കപ്പൽ ഉപേക്ഷിച്ച് ജീവനക്കാർ രക്ഷപ്പെട്ടു.അതേസമയം, സംഘർഷത്തിനിടെ മൂന്ന് യു.എസ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ വലിയ വില നൽകേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂതികൾ കടൽമാർഗ്ഗ ഉപരോധം പ്രഖ്യാപിച്ചത് ആഗോള ഊർജ്ജ മേഖലയിൽ വൻ ആശങ്കയ്ക്ക് വഴിതുറന്നിട്ടുണ്ട്.
സംഘർഷം പുനരാരംഭിച്ച് പത്താം ദിവസംപിന്നിടുമ്പോൾ ഇറാനിലെ സിരിക്, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, ചബഹാർ, കൊനാരാക്ക് എന്നിവിടങ്ങളിൽ ശക്തമായ ബോംബാക്രമണം യുഎസ് തുടരുകയാണ്.