ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഒഴിവാക്കി: രാജ്ഭവൻ ത്രൈമാസികയുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിച്ചു.

തിരുവനന്തപുരം:  രാജ്ഭവനിൽ സ്ഥാപിച്ച ഭാരതാംബയുടെ ചിത്രവുമായി  ബന്ധപ്പെട്ട വിവാദത്തിനു ശേഷം  ഇന്ന് ആദ്യമായി രാജ്ഭവനിലെത്തിയ  മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ 'രാജ്ഹംസി'ൻ്റെ പ്രകാശനചടങ്ങിൽ പങ്കെടുത്തു.ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്‍റെ സാന്നിധ്യത്തില്‍ ശശി തരൂർ എംപിക്ക്  നൽകിയാണ്  മുഖ്യമന്ത്രി  മാസികയുടെ പ്രകാശനം നിർവഹിച്ചത്.  എന്നാൽ വിവാദങ്ങൾക്കിടയാക്കിയ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഇന്ന് വേദിയിലുണ്ടായിരുന്നില്ല . പരിപാടിയുടെ ബാനറിനൊപ്പം ദേശീയ പതാക മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്. ഭാരതാംബയുടെ ചിത്രം ഒഴിവാക്കിയത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള മഞ്ഞുരുകലിൻ്റെ ലക്ഷണമായും  കരുതുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ആയിരുന്നു ക്ഷണിച്ചിരുന്നത് എന്നും  അദ്ദേഹത്തിൻ്റെ അസൗകര്യം പരിഗണിച്ച് ശശി തരൂര്‍ എംപിയെ ക്ഷണിക്കുകയുമായിരുന്നെന്നുമാണ് ണ് ലഭിക്കുന്ന വിവരം.

അതേസമയം പ്രകാശനം ചെയ്ത മാസികയിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വേദിയിൽ തന്നെ വ്യക്തമാക്കി. ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിൻ്റെ അഭിപ്രായമല്ലെന്നും ലേഖകൻ്റെ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിൻ്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിൻ്റെ അഭിപ്രായമല്ല. അത് ലേഖകൻ്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. സംസ്ഥാന- കേന്ദ്ര ബന്ധത്തെ കുറിച്ചുള്ള ലേഖനം സംസ്ഥാന സർക്കാരിൻ്റെ നയമല്ല. രാജ്ഭവൻ്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിൻറെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി.എന്നാല്‍ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ഗവര്‍ണര്‍ മറുപടി നല്‍കിയില്ല.