നാളെ സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്‌ക്കരി ക്കാൻ ഒരുങ്ങി ബൂത്ത് ലെവൽ ഓഫിസർമാർ.

കണ്ണൂർ: ബിഎൽഒ അനീഷ് ജോർജിൻ്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്‌ക്കരി ക്കാൻ ഒരുങ്ങി ബൂത്ത് ലെവൽ ഓഫിസർമാർ. പയ്യന്നൂർ നിയോജക മണ്ഡലം 18 ആം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫിസറും കുന്നരു എയുപി സ്‌കൂളിലെ ഓഫിസ് അറ്റൻ്റുമായ അനീഷ് ജോർജിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് വ്യാപക പ്രതിഷേധത്തിന് ബൂത്ത് ലെവൽ ഓഫിസർമാർ ഒരുങ്ങുന്നത്.
അനീഷ് ജീവനൊടുക്കിയതിൻ്റെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണ് എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടിവരുന്നത് BLO മാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ്.ഐ.ആർ. നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണ്. അമിത സമ്മർദം ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.ഈ സാഹചര്യത്തിൽ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിൻ്റേയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ സംസ്ഥാനത്ത് ബി എൽ ഓ മാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കും. അതോടൊപ്പം ചീഫ് ഇലക്‌ടറൽ ഓഫീസിലേയ്ക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും (കലക്ട്രേറ്റ്) പ്രതിഷേധ മാർച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ എം വി ശശിധരനും, കെ. പി ഗോപകുമാറും അറിയിച്ചു.
അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിച്ചിരുന്നു. ജോലി സമ്മർദം ഉള്ളകാര്യം അനീഷ് കുടുംബത്തോട് പറഞ്ഞിരുന്നു. എസ്‌ഐആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടി നേതാക്കളെ കൂടെ കൂട്ടിയതുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായിരുന്നു.
ഫോം പൂരിപ്പിക്കാൻ വൈകിയതുമായി ബന്ധപ്പെട്ടും അനീഷിന് സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇന്നലെ വളരെ വൈകിയാണ് അനീഷ് ഉറങ്ങിയതെന്ന് ഭാര്യ പറഞ്ഞു. രാത്രി ഒരു മണിവരെ എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. ജോലിയിലെ സമ്മർദം സംബന്ധിച്ച് അനീഷ് പറഞ്ഞിരുന്നതായി ഭാര്യയും വ്യക്തമാക്കുന്നുണ്ട്.