ബോക്‌സ് ഓഫിസില്‍ തകർപ്പൻ വിജയവുമായി കാന്താര; 1000 കോടിലക്ഷ്യമിട്ട് മുന്നേറ്റം

ബോക്‌സ് ഓഫിസില്‍ തകർപ്പൻ വിജയവുമായി കാന്താര;  1000 കോടിലക്ഷ്യമിട്ട് മുന്നേറ്റം

മുംബൈ: സിനിമ റിലീസായി രണ്ടാഴ്‌ചകഴിഞ്ഞിട്ടും  ഋഷഭ് ഷെട്ടിയുടെ കാന്താരാ ചാപ്‌റ്റര്‍ 1ന്  ബോക്‌സ് ഓഫിസില്‍ വൻ കുതിപ്പ് . ഇതുവരെ ആഗോളതലത്തില്‍ 717.5 കോടി നേടി എന്നാണ് ഔദ്യോഗിക കണക്കുകള്‍. എക്കാലത്തേയും ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മികച്ച 20 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ്  സിനിമ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.ദസറ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. രണ്ടാഴ്‌ചയ്ക്കുള്ളില്‍ തന്നെ ലോകമെമ്പാടുമായി 717.50 കോടി രൂപയാണ് ഇതുവരെ ഗ്രോസ് ബോക്‌സ് ഓഫിസ്(GBOC) നേടിയത്. നിര്‍മാതാക്കളായ ഹോംബാലെ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്."ബോക്‌സ് ഓഫിസില്‍ കൊടുങ്കാറ്റ് വീശുകയാണ്. കാന്താര ചാപ്റ്റര്‍ 1 രണ്ട് ആഴ്‌ചയ്ക്കുള്ളില്‍ ആഗോളതലത്തില്‍717.50 കോടി മറികടന്നു. നിങ്ങളുടെ സമീപത്തെ തിയേറ്ററുകളിും വിജയകരമായി ഓടുന്ന കാന്താരയോടൊപ്പം ദീപാവലി ആഘോഷിക്കു ", ഹോംബാലെ കുറിച്ചു.ഇന്ത്യയില്‍ നിന്ന് 15 ദിവസം കൊണ്ട് നേടിയത് 579.5 കോടി ഗ്രോസ് കലക്ഷന്‍ ആണ്. ഓവര്‍ സീസില്‍ നിന്ന് 101.5 കോടി രൂപയാണ്.15 ാം ദിവസം കൊണ്ട് 152.65 കോടി രൂപയാണ് കന്നഡയില്‍ നിന്ന് മാത്രം നേടിയത്. തെലുഗുവില്‍ നിന്ന് 81.7 കോടി രൂപയും ഹിന്ദിയില്‍ നന്ന് 163 കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്. ഹിന്ദിയില്‍ വന്‍ സ്വകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസായി ആദ്യ ദിനത്തില്‍ തന്നെ 18 കോടി രൂപ ഹിന്ദിയില്‍ നിന്ന് മാത്രമായി ലഭിച്ചിരുന്നു. അതേസമയം മലയാളത്തില്‍ 38.1 കോടിരൂപയും തമിഴില്‍ നിന്ന് 49.8 രൂപയുമാണ് ലഭിച്ചത്.

ദീപാവലി ഉത്സവ സീസണില്‍ വരുമാനം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബൈസണ്‍, ഡ്യൂഡ്, ഡീസല്‍, പെറ്റ് ഡിറ്റക്‌റ്റീവ് എന്നി ചിത്രങ്ങളും ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രകടനം തന്നെ ചിത്രം കാഴ്‌ച വയ്ക്കുമെന്നാണ് ട്രാക്കര്‍മാര്‍ കരുതുന്നത്.2022 ല്‍ പുറത്തിറങ്ങിയ വിസ്‌മയ  ചിത്രമായ കാന്താരയുടെ തുടർച്ചയാണ്  കാന്താര ചാപ്റ്റര്‍ 1. രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ, പ്രകാശ് തുമിനാട്, പ്രമോദ് ഷെട്ടി, നവീൻ ഡി പാഡിൽ, രാകേഷ് പൂജാരി, ദീപക് റായ് പനാജെ, ഹരിപ്രശാന്ത് എംജി, മൈം രാംദാസ്, ബാല രാജ്വാഡി, സമ്പത്ത് റാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജനീഷ് ലോക്‌നാഥിന്‍റെയും അരവിന്ദ് കശ്യപിന്‍റെയും സംഗീതവും ഛായാഗ്രഹണവും സിനിമയുടെ വിജയത്തിൻ്റെ മുഖ്യഘടകമാണ്