വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് നേരെ നിറയൊഴിച്ച് ആണ്‍സുഹൃത്ത്

പട്‌ന: ബിഹാറിലെ ബക്‌സറിൽ വിവാഹ ദിനത്തിൽ വധുവിന് നേരെ നിറയൊഴിച്ച് ആണ്‍സുഹൃത്ത്. യുവതിയുടെ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആണ്‍സുഹൃത്ത് സ്ഥലത്തെത്തി വെടിയുതിർത്തത്. യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതായാണ് റിപ്പോർട്ട്. വെടിവച്ച ശേഷം സുഹൃത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. വധുവായ ആരതി കുമാരിയെ (18) ആണ് ആണ്‍സുഹൃത്ത് ആക്രമിച്ചത്.
വിവാഹ ചടങ്ങുകളുടെ ഭാഗമായി നടന്ന ജയമാലയ്‌ക്കിടെയാണ് ആള്‍ക്കൂട്ടത്തിനിടയിൽ നിന്ന് ദീനബന്ധു എന്ന യുവാവ് വെടിയുതിർത്തത്. ഉടൻതന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെടിയൊച്ച കേട്ടപാടെ ചടങ്ങിനെത്തിയവർക്കിടയിൽ പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. പ്രണയപ്പകയാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ഇതോടെ അതിഥികളിൽ ചിലർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.യുവതിയെ അടിയന്തര ചികിത്സയ്ക്കായി സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം വാരണസിയിലേക്ക് മാറ്റുകയായിരുന്നു. വധുവിൻ്റെ നില ഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. വധുവിൻ്റെ അയൽക്കാരനും സുഹൃത്തുമാണ് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നുവന്നും യുവതി ഇയാളുമായുള്ള പ്രണയം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിലുള്ള പ്രതികാരമാണ് വധശ്രമമെന്നും നാട്ടുകാർ ആരോപിച്ചു.
സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണോ അതോ പെട്ടെന്നുള്ള പ്രകോപനമാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഫുസിൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിവാഹ വേദിയിൽ നിന്ന് തെളിവുകൾ ശേഖരിച്ച പൊലീസ് ദൃക്‌സാക്ഷികളെ ചോദ്യം ചെയ്‌തുവരികയാണ്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ പ്രദേശവാസികളടക്കം പരിഭ്രാന്തരാണ്. പ്രദേശത്തെ ക്രമസമാധാനത്തെ ചോദ്യം ചെയ്‌ത് നാട്ടുകാരും രംഗത്തെത്തി. വിവാഹത്തിൻ്റെ സന്തോഷം നിമിഷങ്ങൾക്കുള്ളിൽ കണ്ണീരിൽ കുതിർന്നതോടെ കുറ്റവാളിയെ വെറുതെ വിടരുതെന്നും കേസിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ ദീനബന്ധു ഒളിവിലാണ്. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. പ്രതി മുൻപ് മദ്യക്കടത്ത് കേസിൽ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. പ്രണയം നിരസിക്കുന്നതോടെ പ്രതികാരം ചെയ്യുന്ന ഇത്തരം വാർത്തകള്‍ സമൂഹത്തിൽ വലിയ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്.