കാഴ്ചപരിമിതർക്കായി കൊച്ചി മെട്രോയിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പ് : ഉദ്ഘാടനം നാളെ

എറണാകുളം: കാഴ്ചപരിമിതർക്ക് ഇനി ആത്മവിശ്വാസത്തോടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാന്‍ ഉതകുന്ന രീതിയില്‍ കൊച്ചി മെട്രോയിൽ ബ്രെയിൽ സ്റ്റേഷൻ മാപ്പ് വരുന്നു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് ബ്രെയിൽ സ്റ്റേഷൻ മാപ്പ് തയ്യാറാക്കുന്നത്.
കാഴ്ചപരിമിതിയുള്ള യാത്രക്കാർക്ക് സ്റ്റേഷൻ പരിസരം കൃത്യമായി മനസ്സിലാക്കുന്നതിനും മറ്റൊരാളുടെ സഹായമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും സഹായിക്കുന്ന ബ്രെയിൽ സ്റ്റേഷൻ മാപ്പും പ്രത്യേക ബ്രെയിൽ സൂചനകളുമാണ് കൊച്ചി മെട്രോയിൽ സജ്ജമാകുന്നത്. സി.ഐ.ഐ - യംഗ് ഇന്ത്യൻസിന്‍റെ 'ദിശ' പ്രോജക്ടുമായി സഹകരിച്ചാണ് കൊച്ചി മെട്രോ ഈ പദ്ധതി നടപ്പിലാക്കുന്നത്. ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്ന ഈ സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പദ്ധതി നാടിന് സമർപ്പിക്കും. കൊച്ചി മെട്രോയുടെ ഭിന്നശേഷി സൗഹൃദ നയത്തിന്‍റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സ്റ്റേഷനിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.പദ്ധതിയുടെ പ്രത്യേകതകൾ: കാഴ്ചപരിമിതിയുള്ള ഒരാൾക്ക് സ്റ്റേഷനിലെത്തിയാൽ അവിടെയുള്ള വിന്യാസം പൂർണ്ണമായും സ്പർശനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് 'ബ്രെയിൽ സ്റ്റേഷൻ മാപ്പ്' രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്രെയിൽ സ്റ്റേഷൻ മാപ്പ്: സ്റ്റേഷന്‍റെ പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പ്ലാറ്റ്‌ഫോമുകൾ, ലിഫ്റ്റുകൾ, ശൗചാലയങ്ങൾ എന്നിവ എവിടെയാണെന്ന് സ്പർശനത്തിലൂടെ മനസ്സിലാക്കാൻ സഹായിക്കുന്നു.
മറ്റൊന്ന് ഹാൻഡ്‌റെയിലുകളിലെ ബ്രെയിൽ സൂചനകളാണ്. പടികൾ കയറുമ്പോഴും നടക്കുമ്പോഴും കൈവരികളിൽ നൽകിയിരിക്കുന്ന ബ്രെയിൽ അടയാളങ്ങൾ യാത്രക്കാർക്ക് തുടർച്ചയായ വഴിനിർദ്ദേശം നൽകും. ഇത് പ്ലാറ്റ്‌ഫോമിലേക്കോ പുറത്തേക്കോ ഉള്ള വഴി കൃത്യമായി പറഞ്ഞുനൽകുന്നു. മെട്രോ സ്റ്റേഷനിൽ സ്ഥാപിച്ച ബ്രെയിൽ ബോർഡുകൾ സ്റ്റേഷനിലെ പ്രധാന സൗകര്യങ്ങളെയും ഓഫീസുകളെയും തിരിച്ചറിയുന്നതിനായി കാഴ്ചപരിമിതരെ സഹായിക്കും.